ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്

മെട്രോ ഉദ്ഘാടന ചടങ്ങിലെ വിവാദ നായകനെന്ന് തന്നെ വിശേഷിപ്പിക്കുന്നവര്‍ക്കും, മെട്രോയില്‍ വലിഞ്ഞുകേറിയെന്ന് ആരോപിക്കുന്നവര്‍ക്കും മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്ത്. യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേരുള്ളത് കൊണ്ടാണ് ട്രെയിനില്‍ കയറിയതെന്നും, രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് യാത്രയില്‍ പങ്കെടുത്തതില്‍ എന്താണ് തെറ്റെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
യാത്ര ചെയ്യേണ്ടവരുടെ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല, ആരു പറഞ്ഞിട്ടാണ് പേര് ഉള്‍പ്പെടുത്തിയതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ യാത്രചെയ്യുന്ന കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരിനും അറിയാമെന്നും, കടകംപള്ളി സുരേന്ദ്രന്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ ശോഭ കെടുത്താന്‍ ചില നിഗൂഢശക്തികള്‍ ശ്രമിക്കുന്നുണ്ട്. അവരുടെ കൈയിലെ കളിപ്പാവയായി മാറരുതെന്നും കടകംപള്ളിയുടെ സമൂഹമാധ്യത്തിലൂടെയുള്ള ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
താന്‍ യാത്ര ചെയ്തതിനെ തുടര്‍ന്ന് സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി മുഖ്യമന്ത്രിയാണെന്നും, യാത്രവിവാദത്തെക്കുറിച്ച് അദ്ദേഹം പ്രതികരിക്കണമെന്നും കുമ്മനം പറഞ്ഞു. നാവികസേന വിമാനത്താവളത്തില്‍ നിന്നും പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ വാഹനത്തിലാണ് താന്‍ പാലാരിവട്ടം മെട്രോ സ്‌റ്റേഷനിലെത്തിയത്. പ്രധാനമന്ത്രി കൊച്ചിയിലെത്തി മടങ്ങുന്നത് വരെ അദ്ദേഹത്തോടൊപ്പം താനുമുണ്ടായിരുന്നുവെന്നും, ഈ സമയത്തൊന്നും കേരള പോലീസോ, എസ്പിജിയോ തന്നെ തടഞ്ഞിരുന്നില്ലലോ എന്നും കുമ്മനം ചോദിച്ചു. അവരൊന്നും തന്നെ തടയാതെ എല്ലാ സഹായവും ചെയ്തുതന്നു,പിന്നെന്തിനാണ് ഈ അനാവശ്യ വിവാദങ്ങളെന്നും കുമ്മനം ചോദിച്ചു.
പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പോയതും, അദ്ദേഹത്തോടൊപ്പം മെട്രോയില്‍ യാത്ര ചെയ്തതുമെല്ലാം തനിക്ക് വ്യക്തമായ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കേരള പോലീസില്‍ നിന്നും യാത്രയെക്കുറിച്ച് അറിയിപ്പ് ലഭിച്ചിരുന്നു. യാത്രചെയ്യുന്നവരുടെ പട്ടികയില്‍ തന്റെ പേരുണ്ടായിരുന്നുവെന്നും അറിയിപ്പ് ലഭിച്ചിരുന്നു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വാഹനത്തിലാണ് താന്‍ യാത്രചെയ്തത്. ഇതൊന്നുമറിയാതെ മന്ത്രി കടകംപള്ളി വെറുതെ പച്ചക്കള്ളം പറയുകയാണെന്നും കുമ്മനം ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനെല്ലാം ഉത്തരവാദി. കേരളത്തിലെത്തുന്ന പ്രധാനമന്ത്രിക്കൊപ്പം ആരൊക്കെയാണ് സഞ്ചരിക്കുന്നതെന്ന് തനിക്കറിയില്ലെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് എങ്ങനെ കഴിയുമെന്നും, ഇക്കാര്യത്തില്‍ അദ്ദേഹം പ്രതികരിക്കട്ടെയെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പമല്ലേ താന്‍ യാത്രചെയ്തത്, അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ മുഖ്യമന്ത്രിക്ക് പറയാമായിരുന്നല്ലോ എന്നും കുമ്മനം ചോദിച്ചു. ഇതിനെക്കുറിച്ചെല്ലാം കടകംപള്ളി ആദ്യം ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണെന്നും, നിങ്ങളാണ് സുരക്ഷാ വീഴ്ച വരുത്തിയതെന്ന് മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കി വിരല്‍ ചൂണ്ടി പറയണമെന്നും, അതിനുള്ള ആര്‍ജ്ജവം കടകംപള്ളിക്കുണ്ടോ എന്നും കുമ്മനം ചോദിച്ചു.
രാജ്യം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പ്രധാനമന്ത്രിയോടൊപ്പം യാത്ര ചെയ്തത് വലിയ വിവാദമാണോ എന്നും അതില്‍ എന്താണിത്ര തെറ്റെന്നും കുമ്മനം കൊച്ചിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























