ജൂലൈ മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ആട്ട വിതരണം ചെയ്യണമെന്ന് ഭക്ഷ്യവകുപ്പിനോട് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

സ്വകാര്യകമ്പനികള്‍ക്ക് വേണ്ടി ഉദ്യോഗസ്ഥ ലോബി അട്ടിമറിച്ച ഫോര്‍ട്ടിഫൈഡ് (സമ്പുഷ്ടീകരിച്ച) ആട്ട പദ്ധതിക്ക് വീണ്ടും ജീവന്‍വയ്ക്കുകയാണ്. ജൂലൈ മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ വഴി ഇതും വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷ്യവകുപ്പിന് നിര്‍ദേശംനല്‍കി.
ഭക്ഷ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഫോര്‍ട്ടിഫൈഡ് ആട്ട വിതരണം നിലച്ചിരുന്നു. സംസ്ഥാനത്ത് ഒമ്പത് വര്‍ഷമായി നടന്നുവന്ന ജനകീയപദ്ധതിയാണ് ആറുമാസമായി നിലച്ചത്. ഇതോടെ ചില്ലറ വിപണിയില്‍ നിലവില്‍ ആട്ടയുടെ വില 47- 52 രൂപ വരെയെത്തി. പഴയ ബി.പി.എല്‍ വിഭാഗത്തിന് ഏഴ് കിലോ ഗോതമ്പാണ് കേന്ദ്രം സൗജന്യമായി വിതരണംചെയ്തിരുന്നത്. ഈ ആനുകൂല്യം ഇവര്‍ പരമാവധി പ്രയോജനപ്പെടുത്തിയിരുന്നു.
എന്നാല്‍, എ.പി.എല്ലില്‍ നല്ലൊരു ശതമാനവും അവര്‍ക്കര്‍ഹമായ രണ്ടുകിലോ ഗോതമ്പ് വാങ്ങാറില്ല. ഇതില്‍ നല്ലൊരു ശതമാനവും കരിഞ്ചന്തയിലാണ് എത്തിയിരുന്നത്. ഈ വെട്ടിപ്പ് തടയുന്നതിനായാണ് സമ്പുഷ്ടീകരിച്ച ആട്ട പദ്ധതി മുന്‍ സര്‍ക്കാറുകളുടെ കാലത്ത് കൃത്യമായി നടപ്പാക്കിവന്നത്.
നിലവില്‍ മുന്‍ഗണനേതര വിഭാഗത്തിന് മാത്രമായിരിക്കും രണ്ട് കിലോ ആട്ട ലഭിക്കുക. മുന്‍ഗണനവിഭാഗത്തിന് ആട്ട നല്‍കുന്നത് സംബന്ധിച്ച തീരുമാനം കാബിനറ്റിന്റെ പരിഗണനയിലാണ്.
https://www.facebook.com/Malayalivartha
























