നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്; കേസന്വേഷണം പുതിയ ഒരാളിലേയ്ക്ക്...

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ പുതിയ ട്വിസ്റ്റ്. കേസില്‍ പോലീസ് അന്വേഷണം ഇതുവരെ പരസ്യമായി ചിത്രത്തിലില്ലാതിരുന്ന പുതിയ ഒരാളിലേയ്ക്ക് നീങ്ങുന്നതായാണ് ലഭിക്കുന്ന സൂചന. കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിയുടെ സുഹൃത്തുക്കള്‍ പറഞ്ഞ മാഡം എന്ന വ്യക്തിയെ ചുറ്റിപ്പറ്റിയാണ് പുതിയ അന്വേഷണം. സോളാര്‍ കേസില്‍ സരിത എസ്. നായര്‍ക്കുവേണ്ടി ഹാജരായ അഡ്വ. ഫെനി ബാലകൃഷ്ണനാണ് ഈ മാഡത്തെക്കുറിച്ചുള്ള സൂചനകള്‍ നല്‍കിയത്. കേസില്‍ ഈ സ്ത്രീയുടെ ഇടപെടലിനെക്കുറിച്ച് ഫെനി ബാലകൃഷ്ണന്‍ നടന്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്.
ദിലീപ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ഫെനി ബാലകൃഷ്ണനെ ചോദ്യംചെയ്യാനുള്ള ഒരുക്കത്തിലാണ് അന്വേഷണോദ്യോഗസ്ഥര്‍. നടിയെ ആക്രമിച്ച കേസില്‍ കോടതിയില്‍ കീഴടങ്ങാന്‍ പള്‍സര്‍ സുനി തന്നെ സമീപിച്ചിരുന്നുവെന്നാണ് ഫെനി ബാലകൃഷ്ണന്‍ ദിലീപിനോട് പറഞ്ഞത്. ഫെനി മൂന്ന് തവണ തന്നെ വിളിച്ചിട്ടുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം നടന്ന മാരത്തണ്‍ ചോദ്യംചെയ്യലില്‍ പോലീസിനോട് സമ്മതിച്ചതായാണ് വിവരം.
ഇക്കാര്യം ചാനലുകളിലൂടെ ഫെനി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുഹൃത്തുക്കളായ മനോജ്, മഹേഷ് എന്നീ രണ്ടുപേരാണ് തന്നെ വന്നു കണ്ടെന്ന് ഫെനി പറഞ്ഞു. ചെങ്ങന്നൂരില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഇവരോട് മാവേലിക്കര കോടതിയില്‍ ഹാജരാവാനാണ് ഞാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, അന്ന് മാവേലിക്കരയില്‍ ഹര്‍ത്താലായിരുന്നു. ഒരുപാട് പോലീസുകാര്‍ ഉള്ളതിനാല്‍ മാവേലിക്കരയില്‍ ഹാജരാകുന്നതില്‍ അവര്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. മാഡത്തോട് അന്വേഷിച്ചിട്ട് മറുപടി പറയാം എന്നു പറഞ്ഞാണ് അവര്‍ മടങ്ങിയത്‌ഫെനി പറഞ്ഞു.
സംഭവവുമായി ഏതാനും സ്ത്രീകള്‍ക്ക് ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ വഴിത്തിരിവ്. നടി ആക്രമിക്കപ്പെട്ടതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പള്‍സര്‍ സുനിയും ദിലീപും ഒരേ മൊബൈല്‍ ഫോണ്‍ ടവറിന് കീഴില്‍ ഉണ്ടായിരുന്നതായി വിവരം ലഭിച്ചതിന് തൊട്ടുപിറകെയാണ് കേസന്വേഷണത്തിലേയ്ക്ക് പുതിയ കഥാപാത്രത്തിന്റെ കടന്നുവരവ്.
അഡ്വ. ബി.എ. ആളൂരാണ് ഇപ്പോള്‍ പള്‍സര്‍ സുനിക്കുവേണ്ടി ഹാജരാകുന്നത്. ആളൂര്‍ കഴിഞ്ഞ ദിവസം ജയിലിലെത്തി സുനിയെ കണ്ടിരുന്നു. നടിയെ ആക്രമിച്ച സംഭവത്തില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി സുനി തന്നോട് പറഞ്ഞതായി ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
അതിനിടെ തുടരന്വേഷണം എഡിജിപി ബി. സന്ധ്യ ഒറ്റയ്ക്ക് നടത്തേണ്ടെന്ന് ഡിജിപി ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തിയും ഡിജിപി പ്രകടിപ്പിച്ചു. കേസ് നിര്‍ണായകഘട്ടത്തിലെത്തി നില്‍ക്കെയാണ് ഡിജിപിയുടെ സര്‍ക്കുലര്‍. കേസിലെ അന്വേഷണം ശരിയായ രീതിയതിലല്ല പുരോഗമിക്കുന്നതെന്നും പ്രെഫഷണല്‍ അന്വേഷണം ആവശ്യമാണെന്നൂം കാണിച്ച് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കി. കേസ് ഓരോ ദിവസവും കൂടുതല്‍ വിവാദങ്ങളിലേയ്ക്കു കടക്കുന്നതിനിടെയാണ് ഇന്ന് വിരമിക്കുന്നതിന് മുന്‍പ് സെന്‍കുമാര്‍ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.
കേസില്‍ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പലതും അറിഞ്ഞിട്ടില്ലെന്നും, അന്വേഷണ ഉദോഗസ്ഥര്‍ അറിയാതെ കേസ് മുന്നോട്ടു പോകരുതെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. െ്രെകം ബ്രാഞ്ച് ഐ.ജി ദിനേന്ദ്ര കശ്യാപിന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ ലോക്‌നാഥ് ബെഹ്‌റ ഡിജിപി ആയിരിക്കെയാണ് നിയമിച്ചത്. കേസില്‍ പള്‍സര്‍ സുനിയേയും മറ്റുള്ളവരെയും നേരത്തെ ഈ അന്വേഷണ സംഘമാണ് ചോദ്യം ചെയ്തത്. എന്നാല്‍ കഴിഞ്ഞ ദിവസം നടന്‍ ദിലീപിനേയും നാദിര്‍ഷായേയും ചോദ്യം ചെയ്തത് ബി.സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥന്‍ അറിഞ്ഞിരുന്നുമില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ഡിജിപി യുടെ പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. കേസിലെ പല വിവരങ്ങളും മാധ്യമങ്ങള്‍ക്ക് ചോര്‍ന്നു കിട്ടുന്നുണ്ടെന്നും ഡിജിപി സര്‍ക്കുലറില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























