പഴയ ജീവനക്കാരെ മാറ്റിയതായി പോലീസിന് സംശയം; എല്ലാവരേയും വെളിച്ചത്ത് കൊണ്ടുവരാന്‍ നീക്കം

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസ് നീക്കം തുടങ്ങി. പഴുതുകളെല്ലാം അടച്ച ശേഷം അറസ്റ്റ് മതിയെന്ന നിഗമനത്തില്‍ പോലീസെത്തിയതോടെ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ ഊര്‍ജിത ശ്രമം തുടങ്ങി.
അതേ സമയം ലക്ഷ്യയില്‍ നിന്നും പല തെളിവുകളും മുക്കിയെന്ന സൂചനയാണ് പോലീസിന് ലഭിക്കുന്നത്. പള്‍സര്‍ സുനിയുടെ മൊഴി വന്നതോടെ ലക്ഷ്യയില്‍ നിന്നും സുനി വന്നപ്പോള്‍ ഉണ്ടായിരുന്ന പഴയ ജീവനക്കാരെ മാറ്റിയതായി സംശയം ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ പഴയ സ്റ്റാഫുകളെയും തപ്പിയെടുക്കാന്‍ പോലീസ് ശ്രമം തുടങ്ങി. കഴിഞ്ഞ ദിവസം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇവിടെ നിന്നും കണ്ടെത്തിയതിന് പിന്നാലെ പഴയ ജീവനക്കാരെ കണ്ടെത്താനുള്ള നീക്കങ്ങള്‍ അന്വേഷണ സംഘം തുടങ്ങിയതായിട്ടാണ് വിവരം.
കേസില്‍ തെളിവുകളില്‍ വ്യക്തത വരുത്തിയ ശേഷം മതി അറസ്റ്റ് എന്ന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ പഴുതുകളും അടയ്ക്കുന്നതിന് വേണ്ടിയാണ് പഴയ ജീവനക്കാരെ തപ്പിപ്പോകുന്നത്. മെമ്മറി കാര്‍ഡും പണവുമായി ബന്ധപ്പെട്ട് സുനിയും കൂട്ടാളി വിജീഷും എത്തിയെന്ന് അവകാശപ്പെടുന്ന സമയത്തെ ജീവനക്കാരല്ല ഇപ്പോഴുള്ളതെന്നാണ് വിവരം. പള്‍സര്‍ സുനിയെ കണ്ടിട്ടില്ല എന്ന് ജീവനക്കാരുടെ മൊഴി വരുത്താനുള്ള ശ്രമമാണ് ഇതെന്നും സംശയിക്കപ്പെടുന്നു. കാക്കനാട്ടെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനം കാവ്യാമാധവന്റെ പേരില്‍ ആണെങ്കിലും അത് നടത്തുന്നത് നടിയുടെ മാതാവാണ്. വസ്ത്രവിപണന സ്ഥാപനത്തില്‍ നിന്നു ലഭിച്ച തെളിവുകള്‍ കേസില്‍ നിര്‍ണായകമാകും.
ലക്ഷ്യയില്‍ നിന്നു ശേഖരിച്ചിട്ടുള്ള സി.സി. ടിവി ദൃശ്യങ്ങളടങ്ങിയ കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌കില്‍ നിന്ന് പഴയ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ശ്രമം നടക്കുകയാണ്. നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് ഈ കടയില്‍ ഏല്‍പ്പിച്ചെന്നാണ് പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്. സ്ഥാപനത്തില്‍ നിന്നു രണ്ടു ലക്ഷം രൂപ തന്നതായും മൊഴിയിലുണ്ടായിരുന്നു. അന്ന് രണ്ടു ലക്ഷം രൂപയുടെ പണമിടപാട് നടന്നതിന്റെ തെളിവ് പോലീസിനു കിട്ടിക്കഴിഞ്ഞു.
ലക്ഷ്യയില്‍ മൂന്നു തവണ പോയിട്ടുണ്ടെന്നാണ് പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞത്. രണ്ടു തവണ പോയത് നടി ആക്രമിക്കപ്പെടുന്നതിനു മുമ്പും ഒരു തവണ അതിനു ശേഷവുമാണ്. അവസാനം പോയത് മെമ്മറി കാര്‍ഡ് കൈമാറാനായിരുന്നു എന്നാണ് സുനില്‍ പറഞ്ഞത്. മൂന്നു മെമ്മറി കാര്‍ഡുകളില്‍ ഒന്നാണ് കാവ്യയുടെ അമ്മയ്ക്കു കൈമാറിയതെന്നു പള്‍സര്‍ സുനി വെളിപ്പെടുത്തിയിരുന്നു. നാദിര്‍ഷയുടെ നിര്‍ദേശപ്രകാരമാണ് താന്‍ കാവ്യയുടെ സ്ഥാപനത്തില്‍ പോയതെന്നും പള്‍സര്‍ സുനി പോലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha


























