പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണ്‍ സേലം സ്വദേശിയുടേത്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍ ഉപയോഗിച്ച ഫോണ്‍ സേലം സ്വദേശിയുടേത്. സേലം സ്വദേശി സാമിക്കണ്ണിന്റെ ഫോണാണ് സുനി ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. മകനുവേണ്ടിയാണ് സിം വാങ്ങിയതെന്ന് സാമിക്കണ്ണ് വ്യക്തമാക്കി.
എന്നാല്‍ മകന്‍ പിന്നീട് സുഹൃത്ത് ശരവണപ്രിയന് ഇത് കൈമാറി. എന്നാല്‍ ഒക്ടോബറില്‍ ഫോണ്‍ കളവുപോയതായി ശരവണപ്രിയന്‍ അറിയിച്ചു. ഏപ്രില്‍ മുതല്‍ ഈ ഫോണ്‍ കാക്കനാട് ജില്ലാ ജയില്‍ പരിധിയിലാണ് ഉണ്ടായിരുന്നത്.
തമിഴ്‌നാട് വിലാസത്തിലെടുത്ത സിമ്മില്‍ നിന്നാണ് പള്‍സര്‍ സുനി നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. അതേസമയം പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് കൊടുത്തത് പൊലീസല്ലെന്ന് റേഞ്ച് ഐജി പി വിജയന്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ പൊലീസാണ് സുനിയ്ക്ക് ഫോണ്‍ നല്‍കിയതെന്ന പ്രചാരണം സജീവമായതിനെ തുടര്‍ന്നാണ് റേഞ്ച് ഐജി വിശദീകരണവുമായി രംഗത്തെത്തിയത്.
പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ ഫോണ്‍ ഉപയോഗിക്കാന്‍ ഒത്താശ ചെയ്തതിന് ഒരാളെ പൊലീസ് ഇന്ന് അറസ്റ്റുചെയ്തിരുന്നു. ജയിലില്‍ സുനിയുടെ സഹതടവുകാരനായിരുന്ന കോട്ടയം സ്വദേശി സുനിലിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്.
https://www.facebook.com/Malayalivartha

























