ശ്രീറാമിന്റെ മാറ്റം: സര്‍ക്കാരിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് യുവ ഉദ്യോഗസ്ഥര്‍

ശ്രീറാം വെങ്കിട്ടരാമനെ തത്സ്ഥാനത്ത് നിന്നും നീക്കം ചെയ്തപ്പോള്‍ വകുപ്പ് മന്ത്രി ചന്ദ്രശേഖരന്‍ കൈക്കൊണ്ട നിലപാടിനെതിരെ യുവ ഐ.എ.എസുകള്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ആരും പരസ്യമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ലെങ്കിലും എല്ലാം ശരിയാക്കുന്ന സര്‍ക്കാരിനെ ഒരടി അകലത്തില്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന് ഐ.എ.എസുകാര്‍ കരുതുന്നു.
അതിനിടെ മന്ത്രി ചന്ദ്രശേഖരനും കാനം രാജേന്ദ്രനും അവരുടെ പാര്‍ട്ടിയും പിണറായിയുടെ ബി ടീമാണെന്നും അവരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ഉദ്യോഗസ്ഥര്‍ക്കിടയില്‍ അഭിപ്രായം ഉരുത്തിരിയുന്നു. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്നും ഇല്ലെങ്കില്‍ വിപരീതാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആരും കാണില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
മന്ത്രി ചന്ദ്രശേഖരന്റെ കൂടി അറിവോടെയാണ് ശ്രീറാമിനെ മാറ്റിയത്. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കാതിരുന്ന റവന്യുമന്ത്രിയോട് അതു സംബന്ധിച്ച് ഒരു കാര്യവും പിണറായി വിജയന്‍ ചോദിച്ചില്ല. എന്നാല്‍ മന്ത്രിസഭാ യോഗം തുടങ്ങിയപ്പോള്‍ തന്നെ ശ്രീറാമിനെ മാറ്റുകയാണെന്നു പറഞ്ഞു. റവന്യു മന്ത്രി അക്കാര്യം കേള്‍ക്കാത്തത് പോലിരുന്നു. നേരത്തെ തന്നെ ശ്രീറാമിനെ മാറ്റാന്‍ പിണറായി തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ നിയമിക്കാന്‍ അപ്രധാനമായ ഒരു വകുപ്പ് ലഭിച്ചില്ല. പിന്നീടാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞുകിട്ടിയത്. അതോടെ ശ്രീറാമിന് മുഖ്യമന്ത്രി ലാവണം ഒരുക്കി.
ശ്രീറാമിനെ മാറ്റാനുള്ള നടപടി സ്വീകരിക്കാന്‍ ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്. ചീഫ് സെക്രട്ടറിക്കും ഇതിനോട് യോജിപ്പായിരുന്നു. സര്‍ക്കാരിനു മീതെ പറക്കാന്‍ ആരെയും അനുവദിക്കരുതെന്ന വാശി ചീഫ് സെക്രട്ടറിക്കുണ്ട്. സെന്‍കുമാറിന്റെ കാര്യത്തില്‍ സംഭവിച്ചതും ഇതു തന്നെയാണ്
.
ശ്രീറാം ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചത് സര്‍ക്കാരിനെ അലോസരപ്പെടുത്തിയിരുന്നു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍ എന്തുകൊണ്ട് ഒന്നും ശരിയാക്കിയില്ലെന്ന ചോദ്യവും ഹൈക്കോടതി ചോദിച്ചു. അത് സര്‍ക്കാരിന് നന്നായി നൊന്തു.
ശ്രീറാമിനെ മാറ്റുന്ന കാര്യത്തില്‍ മുഖ്യമന്ത്രി റവന്യുമന്ത്രിയോട് അഭിപ്രായമൊന്നും ചോദിച്ചില്ല. പകരം സ്വമേധയാ മാറ്റുകയായിരുന്നു. ഐ.എ എസുകാരുടെ സ്ഥലംമാറ്റം മുഖ്യമന്ത്രിയുടെ ഉത്തരവാദിത്വത്തില്‍ പെട്ട കാര്യമാണ്. പൊതുഭരണ വകുപ്പിലാണ് അഖിലേന്ത്യാ സര്‍വീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
നേരത്തെ സര്‍ക്കാരിന്റെ വിശ്വസ്തനായിരുന്ന ജേക്കബ് തോമസിനോടും സര്‍ക്കാര്‍ ഇതേ സമീപനമാണ് സ്വീകരിച്ചത്. അന്നും ചീഫ് സെക്രട്ടറിയാണ് ശക്തമായ നിലപാട് സ്വീകരിച്ചത്. റവന്യുമന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണ് താന്‍ ഇതുവരെയും പ്രവര്‍ത്തിച്ചതെന്ന് ശ്രീറാമിന്റെ സുഹൃത്തുക്കള്‍ പറയുന്നു. കുരിശ് മറിക്കുന്ന വിഷയത്തില്‍ പോലും മന്ത്രിയെ വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. ഓരോ തവണയും മന്ത്രി അനുകൂലമായാണ് പ്രതികരിച്ചത്. അദ്ദേഹം എല്ലാ പിന്തുണയും നല്‍കി. എന്നാല്‍ ഇടുക്കിക്കാരനായ വൈദ്യുത മന്ത്രിയെ ശ്രീറാം ഒരു കാര്യത്തിലും കണ്‍സള്‍ട്ട് ചെയ്തിട്ടില്ല. വകുപ്പ് മന്ത്രി കാണുമെങ്കിലും ജില്ലയിലെ മന്ത്രിയെ സാധാരണ ആരും തളളാറില്ല. ഏതായാലും ലൗ ഡെയില്‍ ഒഴിപ്പിക്കുന്നതോടെ മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നില്‍ക്കും. അതിനു ഇനി രണ്ടു ദിവസം കൂടി മാത്രം.
https://www.facebook.com/Malayalivartha

























