ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ വാറ്റില്‍ നിന്നു ജിഎസ്ടിയിലേക്കുള്ള മാറ്റം: കേരളത്തിന് കിട്ടിയത് 500 കോടി രൂപ

ചരിത്രത്തിലെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ വാറ്റില്‍ നിന്നു ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു ശേഷം സംസ്ഥാനത്തിനു ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. മുന്‍പ്, പ്രതിമാസം ശരാശരി 1200 കോടിയോളം രൂപ വാറ്റ് നികുതിയായി ലഭിച്ചിരുന്നിടത്താണു നികുതി ഒറ്റയടിക്കു പകുതിയായി താഴ്ന്നത്.
എന്നാല്‍, വ്യാപാരികള്‍ക്കു നികുതി അടയ്ക്കാന്‍ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയുമെന്നാണു പ്രതീക്ഷയെന്നു ജിഎസ്ടി വകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്നാണു പിഴ കൂടാതെ വ്യാപാരികള്‍ക്കു ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി.
സംസ്ഥാനത്തു രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോള്‍ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതില്‍ 80,000 പേര്‍ ഇതുവരെ ജൂലൈയിലെ റിട്ടേണ്‍ സമര്‍പ്പിച്ചു. ഇവരില്‍ നികുതി അടച്ചവരാകട്ടെ 30,000 പേരും. ഇവര്‍ 1000 കോടിയോളം രൂപ നികുതിയായി അടച്ചപ്പോഴാണു സംസ്ഥാന വിഹിതമായ 500 കോടി ലഭിച്ചത്. ബാക്കി, കേന്ദ്രത്തിനു റിട്ടേണ്‍ നല്‍കിയവരില്‍ അര ലക്ഷത്തോളം വ്യാപാരികള്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അവകാശപ്പെടുന്നതിനാല്‍ ഇനി കാര്യമായി നികുതി അടയ്‌ക്കേണ്ടി വരില്ല. റിട്ടേണ്‍ സമര്‍പ്പിക്കാനുള്ളവരില്‍ പകുതിയിലേറെ പേര്‍ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അവകാശപ്പെടുമെന്നാണു കരുതുന്നത്. അങ്ങനെയെങ്കില്‍ അവരില്‍ നിന്നു ജൂലൈ മാസത്തേക്കു കാര്യമായ നികുതി ലഭിക്കാനിടയില്ല.
കേരളത്തിലേക്ക് ഉല്‍പന്നങ്ങള്‍ എത്തിച്ച ഇതര സംസ്ഥാനത്തെ വ്യാപാരികളില്‍ നിന്നുള്ള നികുതിയുടെ വിഹിതം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടില്ല. ഇതുകൂടി ലഭിക്കുമ്പോള്‍ വരുമാനം ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടല്‍. അങ്ങനെ വരുമ്പോള്‍ മുന്‍പ് വാറ്റില്‍ നിന്നു ലഭിച്ചിരുന്നത്ര നികുതി ജിഎസ്ടി വഴിയും കേരളത്തിനു കിട്ടും. ജിഎസ്ടി വരുന്നതോടെ സര്‍ക്കാര്‍ പ്രതീക്ഷിച്ച 20% വര്‍ധന നടപ്പാകുമോ എന്നു കാത്തിരുന്നു കാണണം.
https://www.facebook.com/Malayalivartha

























