മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട് അഡ്മിഷന്‍ ഇന്നു പൂര്‍ത്തിയാകും, 8,000 മുതല്‍ മുകളിലേക്കുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവര്‍ ഇന്നു പരിഗണനയില്‍

മെഡിക്കല്‍ പ്രവേശനത്തിനുള്ള സ്‌പോട് അഡ്മിഷന്‍ ഇന്നു പൂര്‍ത്തിയാകും. 8,000 മുതല്‍ മുകളിലേക്കുള്ള റാങ്ക് പട്ടികയില്‍ ഇടംപിടിച്ചവരെയാകും ഇന്നു പരിഗണിക്കുക. ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ അഡ്മിഷന്‍ നടപടികള്‍ അവസാനിച്ചു. സ്‌പോട് അഡ്മിഷനിലൂടെ പ്രവേശനം നേടിയവര്‍ ഏഴ് ദിവസത്തിനകം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നു പ്രവേശന കമ്മിഷണര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ രക്ഷിതാക്കളുടെയും കെഎസ്‌യുവിന്റെയും പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെ ഒരു മണിക്കൂറോളം തടസ്സപ്പെട്ടു. രാവിലെ തന്നെ സ്‌പോട്ട് അഡ്മിഷന്‍ അട്ടിമറിക്കാന്‍ മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഉയര്‍ന്ന റാങ്കുകാരെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുന്നെന്നും പിന്നാലെ വന്നവരില്‍ നിന്ന് അധിക പണം ഈടാക്കി അഡ്മിഷന്‍ നല്‍കുന്നുവെന്നുമായിരുന്നു ആരോപണം. ഒഴിവുള്ള സീറ്റുകളുടെ എണ്ണം പുറത്തുവിടാത്തതും പ്രതിഷേധത്തിനിടയാക്കി. 23 കോളജുകളിലായി 690 എംബിബിഎസ് സീറ്റുകളും ബിഡിഎസില്‍ 450 സീറ്റുകളുമാണുണ്ടായിരുന്നത്. നീണ്ട പ്രതിഷേധത്തിനൊടുവില്‍ ഉച്ചയോടെയാണു ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ കോളജുകളുടെ ഏജന്റുമാരും കുട്ടികളെ ചാക്കിലാക്കാന്‍ അഡ്മിഷന്‍ സെന്ററിലെത്തിയിരുന്നു. അവിടെ ഒഴിവുള്ള സീറ്റില്‍ കേരളത്തിലേതിന്റെ പകുതി ഫീസിനു പഠിപ്പിക്കാമെന്നായിരുന്നു വാഗ്ദാനം.
https://www.facebook.com/Malayalivartha

























