വല്ലാത്തൊരു നിമിഷം... ദിലീപിനൊപ്പം ചടങ്ങില്‍ പങ്കെടുത്ത് സഹോദരനും സഹോദരിയും; വേദനയോടെ വിടപറയലും

57 ദിവസത്തിന് ശേഷമാണ് ദിലീപ് ജയിലിന് പുറത്തിറങ്ങുന്നതും വീട്ടിലെത്തുന്നതും. അച്ഛന് ശ്രാദ്ധമൂട്ടാന്‍ കോടതി അനുവദിച്ചത് രണ്ട് മണിക്കൂര്‍ സമയമായിരുന്നു. കൃത്യം എട്ട് മണിക്ക് തന്നെ ദിലീപ് ജയിലിന് പുറത്തിറങ്ങി. ആലുവ സബ്ജയിലില്‍ ഇറങ്ങിയ ദിലീപ് ശാന്തനായാണ് കാണപ്പെട്ടത്.
വെള്ള ഷര്‍ട്ടും നീല ജീന്‍സുമായിരുന്നു വേഷം. താടി വളര്‍ത്തിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കരുതെന്ന കോടതി നിര്‍ദേശമുള്ളത് കൊണ്ട് തന്നെ മുന്നിലേക്ക് നീണ്ടുവന്ന ചാനല്‍ മൈക്കുകളിലേക്ക് നോക്കുക പോലും ചെയ്യാതെ ദിലീപ് വാഹനത്തില്‍ കയറിയിരുന്നു. തുടര്‍ന്ന് ഒന്നര കിലോമീറ്ററോളം മാത്രം ദൂരമുള്ള കൊട്ടാരക്കടവിലെ പദ്മസരോവരം വീട്ടിലേക്ക്. ജയിലിനും വീടിനും പുറത്തായി വന്‍ ജനാവലി തന്നെ തടിച്ചുകൂടിയിരുന്നു. പൊലീസ് അകമ്പടിയോടെ കര്‍ശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. മഫ്തിയിലായിരുന്നു വീട്ടില്‍ പൊലീസുകാര്‍. വീട്ടിലേക്ക് നടന്നുകയറിയ ദിലീപിനെ സ്വീകരിക്കാന്‍ പൂമുഖത്ത് ബന്ധുക്കള്‍ നിന്നിരുന്നു.
വീടിനകത്തേക്ക് കയറിപ്പോയ ദിലീപ് അല്‍പ്പസമയത്തിന് ശേഷം കുളിച്ച് ഈറനണിഞ്ഞ് ശ്രാദ്ധകര്‍മ്മങ്ങള്‍ക്കായി സഹോദരനും സഹോദരിക്കുമൊപ്പം വീടിന് പുറത്തേക്ക് വന്നു. ദിലീപിന്റെ അമ്മയുടെ കൈ പിടിച്ച് മകള്‍ മീനാക്ഷിയും ചടങ്ങുകള്‍ കാണാന്‍ ദിലീപിനൊപ്പം വീട്ടുമുറ്റത്തേക്ക് നടന്നുനീങ്ങി. കാവ്യാ മാധവനും മറ്റ് ബന്ധുക്കളും വീടിനകത്തുണ്ടായിരുന്നു. തുടര്‍ന്ന് 10 മിനിറ്റോളം നീണ്ടുനിന്ന ശ്രാദ്ധചടങ്ങുകള്‍. ബലികാക്കയെ കൈകൊട്ടി വിളിക്കുന്ന ചടങ്ങടക്കം പൂര്‍ത്തിയായി തിരികെ വീട്ടിലേക്ക് നടന്നു.

തുടര്‍ന്ന് വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ചു. 9.45ഓടെ വീട്ടില്‍ നിന്ന് ഇറങ്ങി തിരിച്ച് ആലുവ സബ് ജയിലിലേക്ക് മടങ്ങി. യാത്രയാക്കാന്‍ കാവ്യയും മീനാക്ഷിയും ഉള്‍പ്പെടെ ബന്ധുക്കളെല്ലാം പുറത്തേക്ക് വന്നു. കാവ്യയെയും അമ്മയെയും കെട്ടിപ്പിടിച്ച സമാധാനിപ്പിച്ച ശേഷം യാത്രയാക്കുകയായിരുന്നു.

https://www.facebook.com/Malayalivartha

























