മതജാതി വേരുകള്‍ സമൂഹത്തില്‍ നിന്ന് പൂര്‍ണമായി പിഴുതെറിയുവാനുള്ള ശ്രമങ്ങള്‍ ഇനിയും ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ട് ; പിണറായി

ആധുനിക കേരളത്തിന്റെ വഴികാട്ടിയായിരുന്നു ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതമായ സമത്വസുന്ദരമായ കേരളത്തെയും ഭാരതത്തെയും നിര്‍മിക്കുവാന്‍ ഗുരുവിന്റെ ചിന്തകളെ മനസിലും ജീവിതത്തിലും ഉള്‍ക്കൊള്ളാന്‍ പ്രേരിപ്പിക്കുന്നതാവട്ടെ ശ്രീനാരായണ ഗുരുജയന്തി എന്നും മുഖ്യന്ത്രി ആശംസിച്ചു.
ജാതീയതയുടെയും സാമ്പത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളില്‍ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച നവോത്ഥാന നായകരില്‍ അഗ്രഗാമിയാണ് ശ്രീനാരായണ ഗുരു. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ജാതീയമായ അടിച്ചമര്‍ത്തലുകളും അനാചാരങ്ങളും നിലനില്‍ക്കുന്നു എന്നത് രാജ്യത്തിനൊട്ടാകെ അപമാനമാണ്. 'നമുക്കു ജാതിയില്ല' എന്ന ഗുരുവിളംബരത്തിന്റെ നൂറു വര്‍ഷത്തിന് ശേഷവും രാജ്യത്തിന്റെ പല ഭാഗങ്ങളിലും ദളിതരും പിന്നോക്കക്കാരും വിവിധ മതസ്ഥരും പീഡിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നത് ഏറെ വേദനാജനകമാണ്. മഹാനായ ഗുരുവിന്റെ പിന്തുടര്‍ച്ചക്കാരായ നാം മലയാളികള്‍ പോലും ജാതി മത ചിന്തകളില്‍ നിന്ന് പൂര്‍ണമായി മോചനം നേടിയിട്ടില്ല എന്നത് ആശങ്കയുളവാക്കുന്നു. സങ്കുചിത മതജാതി വേരുകള്‍ സമൂഹത്തില്‍ നിന്ന് പൂര്‍ണമായി പിഴുതെറിയുവാനുള്ള ശ്രമങ്ങള്‍ ഇനിയും ശക്തമായി മുന്നോട്ട് പോകേണ്ടതുണ്ട്. അതിനുള്ള പ്രതിജ്ഞ പുതുക്കുന്ന അവസരമാവണം ഗുരുജയന്തിയെന്നും പിണറായി പറഞ്ഞു.
https://www.facebook.com/Malayalivartha

























