കൃത്യമായ തെളിവുകളോടെ പ്രോസിക്യൂഷന്‍; ഉന്നത പോലീസ് നിയമ വിദഗ്ദ്ധരുടെ ട്രെയിനിംഗ് നാദിര്‍ഷയെ തുണയ്ക്കുമോ?

നടിയെ ആക്രമിച്ച കേസ് ക്ലൈമാക്‌സ് സീനിലേയ്ക്ക് കടക്കുമ്പോള്‍ പോലീസ് നേരിടുന്നത് അതി സങ്കീര്‍ണ്ണമായ അന്വേഷണ കുരുക്കുകള്‍. നിയമ രംഗത്തെ പ്രഗത്ഭര്‍ തയ്യാറാക്കുന്ന തിരക്കഥയനുസരിച്ച് ഉറച്ച മൊഴികളും പ്രത്യാക്രമണ ശൈലിയുമായി നാദിര്‍ഷ നീങ്ങുമ്പോള്‍ പണമെറിഞ്ഞും ഉന്നത ബന്ധങ്ങളുപയോഗിച്ച് സമ്മര്‍ദ്ദ തന്ത്രങ്ങളൊരുക്കിയും അതി വിദഗ്ദ്ധമായ നീക്കങ്ങളാണ് അണിയറയില്‍ നടക്കുന്നത്.
ജയിലിനുള്ളിലെ ദിലീപ് ഇപ്പോഴും ശക്തനാണ്. ഭരണ പ്രതിപക്ഷ നിരയിലെ നേതാക്കളെയും സിനിമാ രംഗത്തുള്ളവരെയും വിലയ്‌ക്കെടുക്കാന്‍ കഴിയുന്നയാള്‍. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ട്രെയിനിംഗും മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കലുമൊക്കെ കേസന്വേഷണത്തെ വഴി തിരിച്ചു വിടാനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു. കൃത്യമായ തെളിവുകളോടെ നാദിര്‍ഷയെ കുരുക്കാനായി പോലീസ് കരുക്കള്‍ നീക്കിയപ്പോള്‍ ആലുവ സബ് ജയിലിലെത്തി കാര്യങ്ങള്‍ സംസാരിക്കാന്‍ നാദിര്‍ഷയോട് ആവശ്യപ്പെട്ടതും ദിലീപായിരുന്നു.
ജയില്‍ സൂപ്രണ്ടിന്റെ മുറിയില്‍ അഞ്ചു മിനിറ്റു മാത്രമായിരുന്നു കുടിക്കാഴ്ച. നേരത്തെ തന്നെ സന്ദര്‍ശിച്ച സുഹൃത്തുക്കളോടാണു നാദിര്‍ഷയെ കാണണമെന്ന് ദിലീപ് ആവശ്യപ്പെട്ടത്. നാദിര്‍ഷ വന്നുപോയ ശേഷമാണു ജയിലിലേക്കു സിനിമാരംഗത്തെ പ്രമുഖരുടെ ഒഴുക്കുണ്ടായത് . ഇത് ദിലീപും നാദിർഷായും ചേർന്നൊരുക്കിയ തിരക്കഥയാണെന്ന് പോലീസ് സംശയിക്കുന്നു.
തെറ്റായ മൊഴി നല്‍കാന്‍ പോലീസ് പ്രേരിപ്പിക്കുകയാണെന്ന് ഇന്നു പരിഗണിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വ്യക്തമാക്കിയിട്ടുണ്ട്. കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റില്‍വച്ചു താന്‍ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കു പണം നല്‍കിയിട്ടില്ല. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളാണു ദിലീപ്. സെറ്റിലെ ചെലവുകള്‍ക്കു നിര്‍മാതാക്കളുടെ നിര്‍ദേശപ്രകാരം പലര്‍ക്കും പണം നല്‍കാറുണ്ട്. ഇങ്ങനെ മാനേജര്‍ പണം നല്‍കിയവരില്‍ പള്‍സറുമുണ്ടാകാം. താന്‍ നേരിട്ടു സുനിക്കു പണം നല്‍കിയെന്ന പോലീസിന്റെ വാദം ശരിയല്ല. ദിലീപിനൊപ്പം പതിമൂന്നര മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ ഇക്കാര്യം പോലീസ് ചോദിച്ചിരുന്നില്ല. ഈ ഘട്ടത്തില്‍ ദിലിപിനെതിരേ തെളിവു ചമയ്ക്കാനാണു പുതിയ കഥകള്‍ ഉണ്ടാക്കുന്നതെന്നാണു നാദിര്‍ഷയുടെ വാദം.
ജയിലില്‍നിന്നു മൂന്നുതവണ പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചിട്ടുണ്ട്. പരിചയമില്ലാത്ത നമ്പറായതിനാല്‍ രണ്ടുതവണ കോള്‍ എടുത്തില്ല. മൂന്നാംവട്ടം എടുത്തു. പറഞ്ഞു തുടങ്ങിയപ്പോള്‍ പന്തികേടു തോന്നി. തുടര്‍ന്നു ഫോണ്‍ കട്ടുചെയ്തു തിരിച്ചുവിളിക്കാമെന്നു പറഞ്ഞു. തന്റെ ഫോണില്‍ കോള്‍ റെക്കോഡിങ് ഇല്ലാത്തതിനാല്‍ മറ്റൊരാളുടെ ഫോണില്‍ നിന്നാണു തിരിച്ചുവിളിച്ചത്. 'ദിലീപിനെ വിളിച്ചിട്ടു കിട്ടുന്നില്ല. അത്യാവശ്യമായി കുറച്ചുപണം വേണം. മറ്റു പലരെയും വിളിച്ചിട്ടും ഫോണ്‍ എടുക്കുന്നില്ല. തന്റെ കൂട്ടുകാര്‍ പുറത്തുണ്ട്. അവരെ ബന്ധപ്പെട്ടു പണം നല്‍കാന്‍ ദിലീപിനോടു പറയണം' എന്നിങ്ങനെ സുനി പറഞ്ഞുവെന്നാണു നാദിര്‍ഷയുടെ മൊഴി. ഇങ്ങനെയൊരാള്‍ വിളിക്കുമെന്ന കാര്യം ദിലീപ് നേരത്തെ പറഞ്ഞിട്ടില്ല. ദിലീപിനു വന്ന കത്തും തനിക്കു വന്ന കോളിന്റെ റെക്കോഡിങും സഹിതം ഡി.ജി.പിക്കു പരാതി നല്‍കിയശേഷമാണ് അമേരിക്കന്‍ ട്രിപ്പിനു പോയതെന്നും നാദിര്‍ഷ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























