തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിനു ചെന്നിത്തലയുടെ കത്ത്

തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റങ്ങൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം വിജിലൻസിനു കത്തുനൽകി. കുട്ടനാട്ടിൽ തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുളള റിസോർട്ടിലേക്ക് എംപിമാരുടെയും ഹാർബർ എൻജിനിയറിംഗ് വിഭാഗത്തിന്റെയും ഫണ്ടുപയോഗിച്ചു റോഡ് നിർമിച്ചെന്നും മാർത്താണ്ഡം കായലിൽ കർഷകർക്കായി നൽകിയ മിച്ചഭൂമി സ്വന്തമാക്കി നികത്തിയെന്നുമാണ് ആരോപണം.
എന്നാൽ ചാണ്ടിയുടെ റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ട ആലപ്പുഴ നഗരസഭാ കാര്യാലയത്തിൽ സൂക്ഷിച്ചിരുന്ന 32 നിർണായക രേഖകൾ അന്വേഷണം ആരംഭിച്ചതിനു പിന്നാലെ അപ്രത്യക്ഷമായി. കഴിഞ്ഞ ദിവസം ഇത് കാര്യാലയത്തിൽ തിരിച്ചെത്തിയതായി കണ്ടെത്തിയെങ്കിലും റിസോർട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ ആധാരവും കരമടച്ച രസീതും കണ്ടുകിട്ടിയിട്ടില്ല.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളിൽ മന്ത്രിയെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ അവകാശലംഘനം നടത്തിയെന്ന് ചെന്നിത്തല നേരത്തെ ആരോപിച്ചിരുന്നു. മന്ത്രി ഒരു തരത്തിലുമുള്ള അധികാര ദുർവിനിയോഗവും നടത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചത്. അനധികൃത നടപടികൾ ഒന്നും സ്വീകരിച്ചിട്ടില്ലെന്നു തോമസ് ചാണ്ടി വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
https://www.facebook.com/Malayalivartha























