പോലീസിന്റെ കണ്ണുവെട്ടിച്ച് ഫാന്റം ഷാജി മുങ്ങിയത് കാമുകിക്കൊപ്പം; കണ്ടെത്താനാകാതെ പോലീസ്

നിരവധി മോഷണകേസുകളിലെ പ്രതി ഫാന്റം ഷാജി കഴിഞ്ഞ ദിവസമാണ് ട്രെയിനില്‍ നിന്ന് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞത്. ഇയാള്‍ക്കൊപ്പം കാമുകിയും മുങ്ങിയതായി പൊലീസിന് സൂചന ലഭിച്ചു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നതിന് മുമ്പ് ജാമ്യത്തില്‍ കഴിഞ്ഞ ഇടവേളയിലാണ് കല്ലമ്പലം സ്വദേശിയായ യുവതിയാണ് ഷാജിക്കൊപ്പം കൂടിയത്. ഫാന്റം ഷാജിക്കായി തെരച്ചില്‍ തുടരുകയാണ്.
കല്ലമ്പലം സ്വദേശിയായ ഈ യുവതി നേരത്തെ മറ്റൊരാളുമായി വിവാഹം കഴിഞ്ഞതായിരുന്നു. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി. ഷാജി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ട ബുധനാഴ്ച രാത്രി മുതല്‍ യുവതിയെ കാണാനില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ചാണ് ഇവര്‍ കടന്നത്. ടവര്‍ ലൊക്കേഷന്‍ കണ്ടുപിടിക്കാതിരിക്കാനാണെന്ന് കരുതപ്പെടുന്നു.
തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ഷാജിയെ യുവതി പലപ്പോഴും സന്ദര്‍ശിച്ചിരുന്നു. പിറവം കോടതിയില്‍ ഹാജരാക്കിയശേഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോകുമ്പോഴാണ് ബുധനാഴ്ച എസ്എന്‍ കോളജിന് മുന്നില്‍ വച്ച് ട്രെയിനില്‍ നിന്ന് ഇയാള്‍ ചാടിയത്. രാത്രി ഏഴരയോടെയാണ് സംഭവം.
കൊല്ലം സ്റ്റേഷനില്‍ നിന്ന് വേഗത കുറച്ച് ട്രെയിന്‍ നീങ്ങി തുടങ്ങിയപ്പോള്‍ ശുചിമുറിയില്‍ പോകണമെന്ന് ഇയാള്‍ പൊലീസുകാരോട് പറഞ്ഞു. കൂട്ടുപ്രതിയുമായി വിലങ്ങണിയിച്ചായിരുന്നു ഇയാളെ കൊണ്ടുവന്നിരുന്നത്. ശുചിമുറിയില്‍ പോകാനായി വിലങ്ങഴിച്ച് കൊടുത്തപ്പോള്‍ ശൗചാലയത്തിന് സമീപത്തേക്ക് പോയ ഇയാള്‍ പുറത്തേക്ക് ചാടുകയായിരുന്നു.
പൊലീസുകാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചെങ്കിലും ഷാജിയെ കണ്ടെത്താനായില്ല. വെളുത്ത ജുബ്ബയും കറുത്ത പാന്റുമായിരുന്നു വേഷം. റയില്‍വേ എസ്‌ഐ പി വിനോദ്, അഡീഷണല്‍ എസ്‌ഐ നാസര്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് ടീമുകളാണ് ഷാജിക്കുവേണ്ടി തെരച്ചില്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha






















