ഇ പി ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി

ഇ പി ജയരാജന്‍ അടക്കമുള്ളവര്‍ക്കെതിരെയുള്ള വിജിലന്‍സ് കേസ് ഹൈക്കോടതി റദ്ദാക്കി. സുധീര്‍ നമ്പ്യാരെ കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍െ്രെപസസ് മാനേജിങ് ഡയറക്ടറായി നിയമിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസാണ് റദ്ദാക്കിയത്.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍, സുധീര്‍ നമ്പ്യാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചാണ് ജസ്റ്റിസ് പി ഉബൈദിന്റെ ഉത്തരവ്.
കേസ് നിലനില്‍ക്കില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതിയുടെ നടപടി. മന്ത്രിയായിരുന്ന ഇ പി ജയരാജന്‍ തന്നെ നിയമനം റദ്ദാക്കിയിട്ടും പിന്നെ ആര്‍ക്കുവേണ്ടിയാണ് കേസെടുത്തതെന്ന് കോടതി ചോദിച്ചു. ഈ ചോദ്യം ഇപ്പോഴും നിലനില്‍ക്കുകയാണെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും സര്‍ക്കാരിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും നിയമപ്രകാരം ഇവര്‍ കുറ്റക്കാരല്ലെന്നുമുള്ള നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്. അങ്ങനെയെങ്കില്‍ കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കാമല്ലോയെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
കോടതിയുടെ നിര്‍ദേശവും നിയമോപദേശവും പരിഗണിച്ചാണ് വിജിലന്‍സ്‌കേസ് നിലനില്‍ക്കില്ലെന്ന റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട വ്യവസായവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി സര്‍ക്കാര്‍ ഉത്തരവ് നടപ്പാക്കുകമാത്രമാണ് ചെയ്തതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
https://www.facebook.com/Malayalivartha






















