അബ്രഹ്മാണന്‍ ക്ഷേത്രത്തില്‍ ചുമതലയേറ്റാല്‍ വെട്ടിക്കൊല്ലുമെന്ന് ഭീഷണി

ബ്രാഹ്മണന്‍ അല്ലാത്തതിന്റെ പേരില്‍ നിയമനം നിഷേധിക്കപ്പെട്ട ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്ശാന്തിക്കു നേര്‍ക്കു വധഭീഷണി. കായംകുളം ചേരാവള്ളി പാലാഴിയില്‍ സുധികുമാ(36)റിനെയാണ് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. വിവാദങ്ങള്‍ക്കൊടുവില്‍ സുധികുമാറിനെ കീഴ്ശാന്തിയാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തതിനു പിന്നാലെയാണ് ഭീഷണി.
ഭാര്യ സുബിമോള്‍, മക്കളായ നിരഞ്ജന, നിരഞ്ജന്‍, പിതാവ് സുകുമാരന്‍(68) എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. പത്തിയൂര്‍ സ്വദേശി നാരായണശര്‍മയുടെ നേതൃത്വത്തിലെത്തിയ സംഘം ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ചുമതലയേറ്റാല്‍ വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്നു സുധികുമാറിന്റെ ഭാര്യ സുബിമോളുടെ പരാതിയില്‍ പറയുന്നു. പോലീസിലും കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.
അതിനിടെ ഇന്നലെ ദീപാരാധനയ്ക്കു മുമ്പ് ക്ഷേത്രത്തിലെത്തി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ മുമ്പാകെ സുധികുമാര്‍ കീഴ്ശാന്തിയായി ചുമതലയേറ്റെടുത്തു. ചെട്ടികുളങ്ങരയിലെ പ്രശ്‌നം പരിഹരിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞദിവസം ചേര്‍ന്ന ബോര്‍ഡ് യോഗം സുധികുമാറിന് പുനര്‍നിയമനം നല്‍കാന്‍ തീരുമാനിച്ചിരുന്നു
https://www.facebook.com/Malayalivartha




















