നടുക്കം വിട്ടുമാറാതെ ഏരൂർ ഗ്രാമം:ഏഴുവയസുകാരിയെ ക്രൂര ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ ചിറ്റപ്പൻ രാജേഷ് മയക്കുമരുന്നിന് അടിമ; ബസിലെ യാത്രക്കാരായ പെണ്‍കുട്ടികൾക്ക് സ്ഥിരം ശല്യക്കാരൻ

കൊല്ലം കുളത്തൂപുഴയില്‍ കാണാതായ ഏഴു വയസ്സുകാരിയെ കൊല്ലപ്പെടുത്തിയത് അമ്മയുടെ സഹോദരീ ഭര്‍ത്താവ് രാജേഷിനെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. അഞ്ചല്‍-പുനലൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കിളിയായിരുന്ന രാജേഷ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുമായി അടുപ്പമായ ശേഷം രണ്ടുമാസം മുമ്പാണ് കുളത്തൂപ്പുഴയില്‍ നിന്നും ഏരൂരിലെ വീട്ടിലേക്കു താമസം മാറ്റിയത്. ഇവര്‍ നിയമപരമായി വിവാഹിതരാണോയെന്ന കാര്യം സ്‌ഥിരീകരിച്ചില്ലെന്ന് പോലീസ് പറഞ്ഞു.
ബസിലെ യാത്രക്കാരായ പെണ്‍കുട്ടികളോടുള്ള മോശം പെരുമാറ്റത്തിന് നേരത്തേയും ഇയാളെ കുറിച്ച് പരാതിയുണ്ടായിട്ടുണ്ട്. അമ്മൂമ്മയോടൊപ്പമാണ് കൊല്ലപ്പെട്ട കുട്ടി സ്‌ഥിരമായി സ്‌കൂളില്‍ പോയിരുന്നതെങ്കിലും ചില ദിവസങ്ങളില്‍ സ്‌കൂളില്‍ കൊണ്ടാക്കുന്നതും തിരികെ കൊണ്ടുവരുന്നതും രാജേഷായിരുന്നു. സ്‌ഥിരമായി മദ്യപിക്കുകയും കഞ്ചാവ് ഉപയോഗിക്കുകയും ചെയ്‌തിരുന്ന ഇയാള്‍ കുളത്തൂപ്പുഴയില്‍ ഒരു വാഹനമോഷണ കേസിലും മറ്റൊരു കേസിലും പ്രതിയാണെന്ന് അഞ്ചല്‍ സി.ഐ. എ.അഭിലാഷ് പറഞ്ഞു.
അതേ സമയം പിഞ്ചോമനയുടെ ദാരുണാന്ത്യം ഏരൂര്‍ ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. ബുധനാഴ്‌ച സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാതായതോടെ വീട്ടുകാരിലും നാട്ടുകാരിലും ഉണ്ടായ ഉത്‌കണ്‌ഠ ഇന്നലെ രാവിലെയോടെ തീരാദുഃഖത്തിലേക്കു വഴിമാറി. അമ്മൂമ്മയോടൊപ്പം എന്നും രാവിലെ സ്‌കൂളിലേക്ക് പോകുന്ന കാഴ്‌ച നാട്ടുകാര്‍ക്ക് ഇനി തീരാ നൊമ്പരമാണ്. അമ്മൂമ്മയോടായിരുന്നു കുട്ടിക്ക് ഏറെ ഇഷ്‌ടം. ബുധനാഴ്‌ച രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞതോടെ വീട്ടുകാരും നാട്ടുകാരും അന്വേഷണം ആകെ ആശങ്കയിലായിരുന്നു. അവര്‍ നാടിന്റെ മുക്കിലും മൂലയിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണു കുട്ടിയെ അമ്മൂമ്മയില്‍ നിന്നും കൂട്ടിക്കൊണ്ടുപോയ രാജേഷിനേയും കാണാനില്ലെന്ന വിവരം അറിയുന്നത്. ഇയാള്‍ നേരത്തെ ചില കേസുകളില്‍ പ്രതിയായിരുന്നുവെന്നതു കൂടുതല്‍ സംശയങ്ങള്‍ക്ക് ഇടയാക്കി. ഇയാള്‍ക്കു വേണ്ടിയായി പിന്നീടുള്ള അന്വേഷണം.
ബന്ധുക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസും നാട്ടുകാരും തെരച്ചില്‍ നടത്തി. തുടര്‍ന്നാണ് ഇന്നലെ രാവിലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞ് കൊലചെയ്യപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ നാട് ഒന്നടങ്കം വിറങ്ങലിച്ചു. വിവരമറിഞ്ഞു സ്‌ത്രീകളും കുട്ടികളും അധ്യാപകരും ഉള്‍പ്പെടെയുള്ളവര്‍ വീട്ടിലേക്ക് ഒഴുകിയെത്തി. വീട്ടുകാരുടെ മുന്നില്‍ ആശ്വാസ വാക്കുകളില്ലാതെ ഏവരും കുഴങ്ങി. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്‌റ്റ് മാര്‍ട്ടം നടത്തി മൃതദേഹം വൈകിട്ട് ഏഴോടെ വീട്ടില്‍ എത്തിച്ചു. തോരാതെ പെയ്‌ത മഴയെ അവഗണിച്ച് കുരുന്നിന് യാത്രാമൊഴി നല്‍കാനായി അവര്‍ കാത്തുനിന്നിരുന്നു. രാത്രി ഒന്‍പതോടെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു
https://www.facebook.com/Malayalivartha
























