സംസ്ഥാനത്ത് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

സംസ്ഥാനത്ത് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ രംഗത്ത്. സമയപരിധി നല്‍കിക്കൊണ്ട് 50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിക്കാനാണ് തീരുമാനം. എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2016ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹരിതകേരള മിഷനില്‍പെടുത്തിയാണ് നിരോധനം പ്രാബല്യത്തില്‍ വരുക. ബദല്‍ എന്നനിലയില്‍ പേപ്പര്‍ കാരിബാഗുകള്‍ വ്യാപകമാക്കും. പ്ലാസ്റ്റിക് കാരിബാഗുകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി തിരുവനന്തപുരം കോര്‍പറേഷന്‍ സ്വീകരിച്ച നടപടി വിജയകരമായി മുന്നോട്ടുപോകുന്ന പശ്ചാത്തലത്തിലാണിത്.
പരിസ്ഥിതിക്കും ആരോഗ്യത്തിനും ഏറെ ദോഷകരമെന്ന ശാസ്ത്രീയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ കാരിബാഗുകള്‍ പൂര്‍ണമായി നിരോധിക്കുകയോ 50 മൈക്രോണില്‍ താഴെയുള്ളവ നിരോധിക്കുകയോ ചെയ്യണമെന്ന് ശുചിത്വമിഷന്‍ അടുത്തിടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക്കുകള്‍ നിരോധിച്ച് 2016 ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാല്‍, അത് നടപ്പാക്കാന്‍ ഇതുവരെയും സംസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. തദ്ദേശസ്ഥാപനങ്ങള്‍ ഏകീകൃതസ്വഭാവമില്ലാതെയാണ് പലയിടങ്ങളിലും നിരോധനം നടപ്പാക്കുന്നത്. ഇതിലേക്ക് ശുചിത്വമിഷന്‍ ബൈലോ തയ്യാറാക്കുന്നത് അന്തിമഘട്ടത്തിലാണ്.

പ്ലാസ്റ്റിക് കാരിബാഗുകള്‍ പൂര്‍ണമായും നിരോധിക്കണമെന്ന തീരുമാനം പൊടുന്നനെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും എന്നതിനാലാണ് തുടക്കത്തില്‍ 50 മൈക്രോണ്‍ വരെയുള്ള പ്ലാസ്റ്റിക് നിരോധനവുമായി മുന്നോട്ടുപോകുന്നത്. മാലിന്യസംസ്‌കരണത്തിന് കടുത്ത പ്രതിസന്ധിയാണ് കുറെക്കാലമായി പ്ലാസ്റ്റിക് കാരിബാഗുകളുണ്ടാക്കുന്നത്. മാലിന്യം പ്ലാസ്റ്റിക് കാരിബാഗുകളിലാക്കി പൊതുസ്ഥലങ്ങളില്‍ എറിയുന്ന കാഴ്ചയും പതിവായിട്ടുണ്ട്. മണ്ണില്‍ അലിഞ്ഞുചേരാതെ കടുത്ത പാരിസ്ഥിതിക പ്രശ്‌നമാണിവയുണ്ടാക്കുന്നത്. ജലാശയങ്ങളിലും പ്ലാസ്റ്റിക് കാരിബാഗുകളില്‍ പൊതിഞ്ഞ് മാലിന്യമെറിയുന്നുണ്ട്. ഇതിനു പൂര്‍ണമായ നിരോധനം മാത്രമേ ഫലം ചെയ്യൂവെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, തലസ്ഥാനത്ത് കോര്‍പറേഷന്‍ നടപടിക്കെതിരെ ഉയര്‍ന്നതുപോലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കടുത്ത എതിര്‍പ്പ് ഒരു വിഭാഗം വ്യാപാരികളില്‍നിന്ന് ഉയരാന്‍ സാധ്യതയുണ്ട്. അവരെക്കൂടി കാര്യങ്ങള്‍ ധരിപ്പിച്ച്
കൂടിയാലോചനകള്‍ കൂടി നടത്തിയ ശേഷമാകും സര്‍ക്കാര്‍ തീരുമാനത്തിലേക്ക് പ്രവേശിക്കുക.
https://www.facebook.com/Malayalivartha























