റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക സംഘം

ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഡിവൈഎസ്പി ഷംസുദീന്റെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുയെന്ന് തൃശൂർ റൂറൽ എസ്പി യതീഷ് ചന്ദ്ര അറിയിച്ചു. രാജീവിനെ തട്ടിക്കൊണ്ടുപോയതിനുശേഷം കൊലപ്പെടുത്തുകയായിരുന്നെന്നും കൊലയ്ക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് ഇടപാടുകളാണെന്നും പോലീസ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു പേർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ സി.പി.ഉദയഭാനുവിനെതിരേ ഉയർന്ന ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും ബന്ധുക്കളുടെ ആരോപണങ്ങൾ അന്വേഷിക്കുമെന്നും യതീഷ് ചന്ദ്ര അറിയിച്ചു.
പാലക്കാട് ജില്ലയിലെ ഒരു റിയൽ എസ്റ്റേറ്റ് ഇടപാടുമായി ബന്ധപ്പെട്ട് സി.പി.ഉദയഭാനുവും രാജീവും തർക്കമുണ്ടായിരുന്നതായും ഉദയഭാനുവിൽനിന്നു ഭീഷണിയുണ്ടെന്നു കാട്ടി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് രാജീവ് ഹൈക്കോടതിയിൽ ഹർജി നൽകുകയായും രാജീവിന്റെ സുഹൃത്തുക്കൾ ആരോപിച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് ഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി പോലീസ് സംരക്ഷണത്തിനു നിർദേശിച്ചില്ലെങ്കിലും തുടർന്നു ഭീഷണിയുണ്ടായാൽ നെടുന്പാശേരി സിഐയെ സമീപിക്കാമെന്നു നിർദേശിച്ചു. റിയൽ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന അങ്കമാലി നായത്തോട് വീരംപറന്പിൽ രാജീവിനെയാണ് ചാലക്കുടി പരിയാരത്ത് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























