പോലീസിന്റെ അവഗണനയില്‍ മനം നൊന്ത് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച് അപ്രത്യക്ഷരായ ദമ്പതികളെ കണ്ടെത്തി

പൊലീസില്‍നിന്ന് നീതി ലഭിക്കാത്തതിനാല്‍ ആത്മഹത്യാക്കുറിപ്പെഴുതി വച്ചശേഷം അപ്രത്യക്ഷരായ യുവദമ്പതികളെ തൃശൂരില്‍ നിന്നു കണ്ടെത്തി ഇന്നലെ രാത്രിയില്‍ വര്‍ക്കല പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. ഇവരില്‍നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.
അയല്‍വാസിയുടെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരിക്കെ വര്‍ക്കല താലൂക്കാശുപത്രിയില്‍ നിന്ന് കഴിഞ്ഞ ബുധനാഴ്ച രാവിലെ മുതലാണ് ചിലക്കൂര്‍ സെയ്ദലി മന്‍സിലില്‍ തങ്ങള്‍കുഞ്ഞ് (27), ഏഴ് മാസം ഗര്‍ഭിണിയായ ഭാര്യ നേഹ (26) എന്നിവരെ കാണാതായത്. വാടാനപ്പളളിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നു ഇരുവരും. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയുടെ മര്‍ദ്ദനമേറ്റാണ് ആശുപത്രിയിലായത്. പലപ്രാവശ്യം ഈ പ്രശ്‌നത്തില്‍ തങ്ങള്‍കുഞ്ഞിന് ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. ഓരോ തവണയും പരാതി നല്‍കിയെങ്കിലും അത് സ്വീകരിക്കാന്‍ പോലും പൊലീസ് തയ്യാറായിരുന്നില്ല.
പൊലീസിന്റെ അവഗണനയിലും നീതി നിഷേധത്തിലും മനം നൊന്താണ് ജീവനൊടുക്കാന്‍ പോകുന്നതെന്ന് കത്തില്‍ പറഞ്ഞിരുന്നു. രാവിലെ ആശുപത്രിയില്‍ എത്തിയ ബന്ധുക്കള്‍ക്കാണ് കത്ത് ലഭിച്ചത്. ഇരുവരെയും കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒപ്പം പൊലീസും അന്വേഷണം നടത്തി വരികയായിരുന്നു. ഇവരെ കണ്ടെത്തുന്നതിന് പൊലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഇന്നലെ വര്‍ക്കല സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.വി.രമേഷ് കുമാറിന് വാടാനപ്പളളിയില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് ഇവരെ കണ്ടെത്തിയത്. തൃശൂരില്‍ അന്വേഷണം നടത്തിക്കൊണ്ടിരുന്ന പൊലീസിന് വിവരം കൈമാറുകയും അവര്‍ പൊലീസില്‍ വിവരമറിയിച്ചയാളെ ബന്ധപ്പെട്ട് ദമ്പതികളെ കണ്ടെത്തി ഗുരുവായൂരില്‍ എത്തിക്കുകയായിരുന്നു. അവിടെ നിന്നുമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
https://www.facebook.com/Malayalivartha



















