പെണ്‍കുട്ടിയുടെ കുടുംബത്തെ ഇറക്കിവിട്ട സംഭവം: നടപടിക്കൊരുങ്ങി വനിതാ കമ്മീഷന്‍

അഞ്ചല്‍ ഏരൂരില്‍ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് അമ്മയും കുടുംബവും വീട്ടില്‍നിന്ന് മാറിപ്പോകേണ്ടി വന്ന സാഹചര്യം അന്വേഷിച്ച് പരിഹാര നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. ഇതുസംബന്ധിച്ച തുടര്‍നടപടികള്‍ ഡയറക്ടര്‍ സ്വീകരിക്കുമെന്ന് കമ്മീഷന്‍ പറഞ്ഞു.
സംഭവത്തില്‍ പൊലീസിന്റെയും നാട്ടുകാരുടെയും വിശദീകരണം ആരായുമെന്നും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലപ്പെട്ട ഏഴുവയസുകാരി ശ്രീലക്ഷ്മിയുടെ കുടുംബത്തെ നാട്ടുകാര്‍ നാടുകടത്തിയത്. കുട്ടിയുടെ വീട്ടുകാര്‍ ദുര്‍നടപ്പുകാരാണെന്ന് ആരോപിച്ചാണ് ആറംഗ കുടുംബത്തെ നാടു കടത്തിയത്. കുട്ടിയുടെ മൃതദേഹം കാണാന്‍ പോലും ഇവരെ അനുവദിച്ചില്ല. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ ഒരു വിഭാഗം ആളുകള്‍ ആക്രോശിച്ചു കൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ദുര്‍നടപ്പുകാരായ ഇവരുടെ വീട്ടില്‍ കുട്ടിയുടെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു നാട്ടുകാരുടെ നിലപാട്. ഇതേത്തുടര്‍ന്ന് കുട്ടിയുടെ അച്ഛന്റെ വീട്ടിലാണ് മൃതദേഹം സംസ്കരിച്ചത്.
പിന്നീട് ആറംഗ കുടുംബം നാടുവിട്ടു പോകണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുകയായിരുന്നു. ശ്രീലക്ഷിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ രാജേഷ് ഇവരുടെ ബന്ധുവാണ്. ശ്രീലക്ഷ്മിയുടെ അമ്മയുടെ അനിയത്തിയുടെ ഭര്‍ത്താവാണ് രാജേഷ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ഇതിനു മുന്‍പും പീഡനകേസുകളില്‍ പ്രതിയായിട്ടുള്ള ഇങ്ങനെയൊരാളെ എന്തിനാണ് വീട്ടില്‍ താമസിപ്പിച്ചതെന്നാണ് നാട്ടുകാരുടെ ചോദ്യം.
https://www.facebook.com/Malayalivartha



















