ദിലീപ് പുറത്തിറങ്ങിയെങ്കിലും സ്വതന്ത്രനല്ല...

85 ദിവസങ്ങള്‍ക്ക് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങിയ നടന്‍ ദിലീപ് സ്വതന്ത്രനല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കര്‍ശനമായ ജാമ്യവ്യവസ്ഥ ലംഘിക്കുകയാണെങ്കില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം. പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങള്‍ക്ക് നല്‍കുന്ന അഭിമുഖങ്ങളില്‍, ആക്രമിക്കപ്പെട്ട നടിയെയോ കേസിലെ സാക്ഷികളെയോ അപമാനിക്കുന്ന രീതിയിലും ഭീഷണിപ്പെടുത്തുന്ന രീതിയിലും സംസാരിക്കരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ദിലീപ് കരാറൊപ്പിട്ട സിനിമകളുടെ ചിത്രീകരണമടക്കമുള്ള നടപടികള്‍ തുടങ്ങുമെന്ന് സംഘാടകര്‍ പറയുന്നുണ്ടെങ്കിലും പ്രതീക്ഷിക്കുന്നത് പോലെ ഇത് എളുപ്പമാകില്ലെന്നാണ് വിവരം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന് ഹൈക്കോടതി ദിലീപിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ സിനിമയുടെ ഷെഡ്യൂളുകളെല്ലാം താളം തെറ്റാന്‍ ഇടയുണ്ട്. മാത്രവുമല്ല വിദേശത്ത് ചിത്രീകരിക്കേണ്ട ചില സിനിമകളും പ്രതിസന്ധിയിലാകും.
ദിലീപ് അഭിനയിക്കുന്ന ഡിങ്കന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോള്‍ തന്നെ അനിശ്ചിതത്വത്തിലാണ്.ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ തിരുവനന്തപുരത്ത് നടന്നു. ഇനി വിദേശത്താണ് ചിത്രീകരിക്കേണ്ടത്. ജാമ്യത്തിലിറങ്ങി ദിലീപിന് വിദേശത്ത് പോകാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ ഈ ചിത്രം ഈ അടുത്തകാലത്തൊന്നും പൂര്‍ത്തിയാകാന്‍ സാദ്ധ്യതയില്ല.
ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിന് കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കരുത്, പാസ്‌പോര്‍ട്ട് മജിസ്‌ട്രേട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്‌പോള്‍ ഹാജരാവണം, ഒരു ലക്ഷം രൂപയും തത്തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും നല്‍കണം, മാദ്ധ്യമങ്ങള്‍ വഴി ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാനോ, സാക്ഷികളെ സ്വാധീനിക്കാനോയുള്ള ശ്രമം നടത്തരുത് തുടങ്ങിയവയാണ് ഉപാധികള്‍.
https://www.facebook.com/Malayalivartha
























