ദിലീപ് അതിബുദ്ധിമാന്‍, ദിലീപ് അറിഞ്ഞുകൊണ്ടുള്ള പദ്ധതിയായിരുന്നു ആ ആക്രമണമെന്ന് അഡ്വ. സന്തോഷ്

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് ജാമ്യത്തിലിറങ്ങിയ ദിവസം തന്റെ വീട് ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ദിലീപ് തന്നെയാണെന്ന് അഡ്വ. കെ.സി സന്തോഷ്. ആക്രമണം ദിലീപ് അറിഞ്ഞു കൊണ്ടുള്ള പദ്ധതിയാണെന്ന് സന്തോഷ് പറഞ്ഞു. ഡി. സിനിമാസിനെതിരായ കേസിലെ പരാതിക്കാരനാണ് അഡ്വ. സന്തോഷ്. തനിക്കെതിരെ നേരത്തെയും ഇത്തരത്തിലുള്ള ആക്രമണശ്രമങ്ങളും ഭീഷണികളും ഉണ്ടായിട്ടുണ്ടെന്നും സന്തോഷ് പറഞ്ഞു. ദിലീപിന്റെ മുന്‍ സുഹൃത്ത് കൂടിയാണ് സന്തോഷ്.
ദിലീപ് ജാമ്യത്തിലിറങ്ങിയ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സന്തോഷിന്റെ വീട് ആക്രമിക്കപ്പെട്ടത്. വീടിന് നേരെ അജ്ഞാതരായ അക്രമികള്‍ കല്ലെറിയുകയും ഗുണ്ട് പൊട്ടിക്കുകയും ചെയ്തു. ഒച്ചകേട്ട് സന്തോഷ് പുറത്തേക്ക് വന്നപ്പോള്‍ രണ്ടു പേര്‍ റോഡ് ക്രോസ് ചെയ്ത് ഓടുന്നതാണ് കണ്ടത്. തുടര്‍ന്ന് അക്രമികള്‍ റോഡിനപ്പുറം പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി പോകുകയും ചെയ്തു. രാത്രി തന്നെ സന്തോഷ് ആലുവ എസ്.പിക്ക് പരാതി നല്‍കുകയും ചെയ്തു.
ദിലീപ് അതിബുദ്ധിമാനാണെന്ന് താരവുമായി 45 വര്‍ഷത്തെ പരിചയമുള്ള സന്തോഷ് പറയുന്നു. ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ക്കകം ഇത്തരമൊരു ആക്രമണത്തിന് മുതിരാന്‍ മാത്രം വിഡ്ഡിയാണോ ദിലീപ് എന്ന ചോദ്യം ഉയരാം. പക്ഷേ ഇത് അന്ന് മാത്രമേ ചെയ്യാന്‍ സാധിക്കൂ എന്ന് ദിലീപിന് അറിയാം. കാരണം ജാമ്യത്തിലിറങ്ങി മണിക്കൂറുകള്‍ക്കകം ഇത്തരമൊരു കൃത്യം ചെയ്യുമോ എന്ന ചോദ്യം എല്ലാവര്‍ക്കും തോന്നുമെന്ന് ദിലീപിന് നന്നായി അറിയാം. അത് തന്നെയാണ് ദിലീപിന്റെ അതിബുദ്ധിയെന്നും സന്തോഷ് കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയം എല്ലാവര്‍ക്കും ഉണ്ടായിരുന്നു. വലിയൊരു വിഭാഗത്തിന് ഇപ്പോഴുമുണ്ട്. അതു തന്നെയാണ് ദിലീപിന്റെ വിജയമെന്നും അഭിഭാഷകന്‍ പറഞ്ഞു. ദിലീപുമായി കുട്ടിക്കാലം മുതല്‍ അറിയാം. 45 വര്‍ഷത്തെ പരിചയമുണ്ട്. മഞ്ജുവുമായുള്ള വിവാഹത്തിനടക്കം താന്‍ സഹായം ചെയ്തിട്ടുണ്ട്. ദിലീപിന്റെ ചില പ്രവര്‍ത്തികളോട് യോജിപ്പില്ലാത്തതിനാലാണ് സൗഹൃദം വേണ്ടന്ന് വച്ചതെന്നും സന്തോഷ് വെളിപ്പെടുത്തി
https://www.facebook.com/Malayalivartha

























