ശരീരഭാഗം മുറിച്ചു നീക്കാതെ ക്യാന്‍സര്‍ സുഖപ്പെടുത്തി, ചരിത്ര നേട്ടം കൈവരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജ്

ശരീരഭാഗം മുറിച്ചു നീക്കാതെ തുടയെല്ലിനെ ബാധിച്ച ക്യാന്‍സര്‍ സുഖപ്പെടുത്തി. മലപ്പുറം ജില്ലയിലെ ചങ്ങരംകുളം കോക്കൂര്‍ സ്വദേശി പിലാക്കല്‍ വീട്ടില്‍ രാമന്റെ ഭാര്യ സുശീലയാണ് (58) ശസ്ത്രക്രിയയ്ക്ക് വിധേയയായത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ശസ്ത്രക്രിയയിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഇതാദ്യമായാണ് അതീവ സങ്കീര്‍ണമായ ഈ ശസ്ത്രക്രിയ ഇവിടെ വിജയകരമായി പൂര്‍ത്തീകരിച്ചത്.
സര്‍ക്കാര്‍ ഇതര ആശുപത്രികളില്‍ അഞ്ച് ലക്ഷം രൂപയെങ്കിലും ചെലവ് വരുന്ന ശസ്ത്രക്രിയയ്ക്ക് ഇവിടെ രോഗിക്ക് ആകെ ചെലവായത് 10,000 രൂപ മാത്രമാണ്. ഓര്‍ത്തോ വിഭാഗം ഡോ. ടോംസി അനില്‍ ജോണിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. രോഗം ബാധിച്ച ഭാഗം മുറിച്ചു മാറ്റുന്ന പതിവുരീതി ഒഴിവാക്കി.
അര്‍ബുദം ബാധിച്ച തുടയെല്ലിന്റെ മുക്കാല്‍ ഭാഗത്തോളം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് റേഡിയേഷന്‍ നല്‍കി അണുവിമുക്തമാക്കി. തുടര്‍ന്ന് എല്ല് ശരീരത്തില്‍ അതേപടി വച്ച് പിടിപ്പിച്ചു. രോഗം തിരിച്ചറിഞ്ഞ ശേഷം ചികില്‍സാ ചെലവിനു പണമില്ലാതെ വിഷമിച്ച കുടുംബത്തിനു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സഹായമൊരുക്കുകയായിരുന്നു.
രോഗം സ്ഥിരീകരിച്ച ഓങ്കോളജി വിഭാഗം മേധാവി ഡോ.ആര്‍. മഹാദേവന്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കുകയായിരുന്നു. ആറ് പേരടങ്ങുന്ന ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. സുശീലയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും രണ്ടാഴ്ചയ്ക്കകം ആശുപത്രി വിടാനാകുമെന്നും ഡോ. വിനേഷ് സേനന്‍ അറിയിച്ചു.
https://www.facebook.com/Malayalivartha
























