"കെപിസിസി പട്ടികയില്‍ തർക്കം തുടരുന്നു" വനിത പ്രാതിനിധ്യമില്ലന്നാരോപിച്ച് ഹൈക്കമാന്റിന് ബിന്ദു കൃഷ്ണയുടെ കത്ത്

കെപിസിസി ഭാരവാഹി പട്ടികയില്‍ കൊല്ലത്ത് നിന്നും വനിത പ്രാതിനിധ്യ മില്ലാത്തതില്‍ പ്രതിഷേധവുമായി ബിന്ദു കൃഷ്ണ. നടപടിയില്‍ എതിര്‍പ്പറിയിച്ച്‌ഹൈക്കമാന്റിനും, കെപിസിസി പ്രസിഡന്റിനും ബിന്ദു കൃഷ്ണ കത്ത് നല്‍കി. ഒരു വനിത ഡിസിസി പ്രസിഡന്റുള്ള കൊല്ലത്തുനിന്നും വനിത പ്രാതിനിധ്യമില്ലാത്തത് സ്ത്രീകളോടുള്ള അവഗണനയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ബിന്ദുകൃഷ്ണ കത്ത് നല്‍കിയിരിക്കുന്നത്.
നടപടിയില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോടും ബിന്ദു കൃഷ്ണ എതിര്‍പ്പറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് താന്‍ നേരത്തെ തന്നെ ഹൈക്കമാന്റിനെ സമീപിച്ചതാണെന്നും, അടിയന്തര നടപടി ഉണ്ടാകേണ്ടിയിരുന്നതാണെന്നും ബിന്ദു കൃഷ്ണ കത്തില്‍ പറയുന്നു. ഗ്രൂപ്പുകള്‍ക്ക് തുല്യപ്രാധാന്യം നല്‍കി കെപിസിസി പട്ടിക അംഗീകരിക്കാനുള്ള നീക്കങ്ങളുമായി നേതൃത്വം മുന്നോട്ടു പോകുന്നതിനിടയിലാണ് എതിര്‍പ്പുമായി നേതാക്കള്‍ രംഗത്തെത്തുന്നത്.
304 അംഗ കെപിസിസി പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്റ് ഇന്നലെ അംഗീകാരം നല്‍കിയിരുന്നു. പട്ടികയില്‍ 282 പേര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രതിനിധികളാണ്. 5 പേര്‍ പാര്‍ലമെന്ററി പാര്‍ട്ടി പ്രതിനിധികളും ഏഴു പേര്‍ കെപിസിസി മുന്‍ പ്രസിഡന്റുമാരുമാണ്. എ, ഐ ഗ്രൂപ്പുകള്‍ക്ക് ഏതാണ്ട് തുല്യപ്രാതിനിധ്യം ലഭിച്ചിട്ടുണ്ട്. ഒരു ഗ്രൂപ്പിലും പെടാത്ത 25 ഓളം പേരും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 45ല്‍ താഴെ പ്രായമുള്ള 45 പേര്‍ പട്ടികയിലുണ്ട്.
28 വനിതകളും 18 പട്ടികവിഭാഗ പ്രതിധികളും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. നിലവില്‍ 282 അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടിക പിന്നീടു 15% പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കും എന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. ഇവരെ കെപിസിസി അധ്യക്ഷന്‍ നോമിനേറ്റ് ചെയ്യും. ശശി തരൂര്‍ പട്ടത്ത് നിന്നും, പിസി വിഷ്ണുനാഥ് ഏഴുകോണില്‍ നിന്നും, രാജ്മോഹന്‍ ഉണ്ണിത്താന്‍ കുണ്ടറയില്‍ നിന്നും കെപിസിസി അംഗമാകും.
കെ മുരളീധരന്‍ നിര്‍ദേശിച്ച മഹേശ്വരന്‍ നായര്‍, കൊടിക്കുന്നില്‍ സുരേഷ് നിര്‍ദേശിച്ച സരോജിനി, പിസി ചാക്കോ നിര്‍ദേശിച്ചവരില്‍ ഡി സുഗതന്‍, ആറ്റിപ്ര അനില്‍ എന്നിവരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെവി തോമസ് നിര്‍ദേശിച്ച കെബി മുഹമ്മദുകുട്ടി, എംഎ ചന്ദ്രശേഖരന്‍ എന്നിവരെ നിലവില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കിലും, പിന്നീട് നോമിനേറ്റ് ചെയ്യാമെന്നും ധാരണ ആയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























