മദ്യം കടത്തുന്നുവെന്ന് ആരോപിച്ച് ഗര്‍ഭിണിയോട് പോലീസ് കാട്ടിയ ക്രൂരത; 22കാരിയുടെ മരണത്തില്‍ മനം നൊന്ത് ഒരു ഗ്രാമം

ആ യുവതിയെ കണ്ടപ്പോള്‍ പോലീസിന് കലിയിളകി. വസ്ത്രത്തിനുള്ളില്‍ മദ്യം ഒളിപ്പിച്ചു കടത്തുന്നുവെന്നൊരു സംശയം. അവസാനം നിറവയറില്‍ ലാത്തികൊണ്ടുള്ള അടിയേറ്റ യുവതി മരിച്ചു. ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വസ്ത്രത്തിനുള്ളില്‍ വയറിന്റെ ഭാഗത്ത് മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് സംശയിച്ചാണ് പോലീസ് ലാത്തികൊണ്ട് അടിച്ചത്.
22കാരിയായ രുചി റാവത്ത് ആണ് മരിച്ചത്. പോലീസിന്റെ അടിയേറ്റ് നിലത്തുവീണ ഇവര്‍ ഉടന്‍ തന്നെ മരണമടയുകയായിരുന്നു. എന്നാല്‍ ഹൃദയ സ്തംഭനമാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. യുവതി മരിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ ജനക്കൂട്ടം പോലീസിനെ വളഞ്ഞു. ഇതോടെ അവര്‍ സ്ഥലത്തുനിന്നും കടന്നു കളയുകയായിരുന്നു.
ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം വ്യാജമദ്യ വില്‍പ്പന പിടികൂടാന്‍ രുചി റാവത്തിന്റെ ഗ്രാമത്തില്‍ എത്തിയത്. രുചിയുടെ വീട്ടില്‍ വ്യാജമദ്യ നിര്‍മ്മാണമുണ്ടെന്ന് വിവരം ലഭിച്ച പോലീസ് ഇവിടെ പരിശോധനയ്‌ക്കെത്തി. പോലീസിനെ കണ്ട് വീട്ടുകാര്‍ ഓടിരക്ഷപ്പെട്ടു. നിറവയറുമായി കഴിഞ്ഞ രുചിക്ക് വീട്ടില്‍ നിന്ന് മാറാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തികൊണ്ട് അടിച്ചു. യുവതിയെ പോലീസ് തൊഴിച്ചതായും ആക്ഷേപമുണ്ട്.
യുവതിയുടെ വീട്ടുകാര്‍ക്ക് അനധികൃത മദ്യവില്‍പ്പനയുണ്ടെന്ന് പോലീസ് പറയുന്നു. പോലീസ് റെയ്ഡില്‍ പിടികൂടിയ മൂന്നു പേരെ അറസ്റ്റു ചെയ്തു സ്‌റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞാണ് ഒരു യുവതി മരിച്ചതായി വിവരം അറിയുന്നത്. അവരും അനധികൃത മദ്യവില്‍പ്പനയില്‍ ഉള്‍പ്പെട്ടിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് അവര്‍ മരിച്ചതെന്നും ജില്ലാ പോലീസ് മേധാവി രാഹുല്‍ യാദവ് പറഞ്ഞു.
യുവതിയുടെ മരണത്തില്‍ പോലീസിന് പങ്കില്ലെന്ന് പോലീസ് ഓഫീസര്‍ സുശീല്‍ സിംഗ് പറഞ്ഞു. പോലീസ് അവരുടെ വീട്ടില്‍ എത്തുകയോ എന്തെങ്കിലും പ്രശ്‌നമുണ്ടാക്കുകയോ ചെയ്തിട്ടില്ല. ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രോഷാകുലരായ ജനക്കൂട്ടം പോലീസിനെതിരെ കൊലക്കുറ്റം ചുമത്തണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.
https://www.facebook.com/Malayalivartha
























