ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച യുവതി; സാമ്പത്തിക ബാധ്യത ഒന്നാം റാങ്കുകാരിയെ ഫെഡറൽ ബാങ്ക് ജീവനക്കാരിയാക്കി; ഒടുവിൽ ആദ്യശമ്പളംപ്പോലും വാങ്ങാൻ കഴിയാതെ ബസിനടിയിൽ ചതഞ്ഞരഞ്ഞു

ജീവിതത്തിൽ ഒരുപാട് സ്വപ്നങ്ങളുമായി ജീവിച്ച അനീസ ഡോളി എന്ന യുവതി. എന്നാൽ അനീസയുടെ സ്വപ്‌നങ്ങൾ പാഴ്ക്കിനാക്കളായി മാറിയത് ഇമ ചിമ്മുന്ന വേഗത്തിലായിരുന്നു. കളമശേരി സെന്റ് പോൾസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്‌സ് പരീക്ഷ ഒന്നാം റാങ്കോടെ വിജയിച്ചത് കഴിഞ്ഞ വർഷമായിരുന്നു.
ശേഷം കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ എം.എസ്.സിക്ക് പ്രവേശനം ലഭിച്ചെങ്കിലും വീട്ടിലെ സാമ്പത്തിക ബാധ്യത ആലോചിച്ചപ്പോൾ പഠിക്കണമെന്ന ആഗ്രഹം തൽകാലം മാറ്റി വച്ചു. ഫെഡറൽ ബാങ്കിൽ ക്ലർക്കായി ജോലി ലഭിച്ചപ്പോൾ മറ്റൊന്നും ആലോചിച്ചില്ല. ഫെഡറൽ ബാങ്ക് തിരൂർ ശാഖയിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വെറും മൂന്നാഴ്ചയെ ആയുള്ളൂ.
മൂന്നാമത്തെ ആഴ്ച്ച നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് അനീസയെത്തേടി മരണമെത്തിയത്. പിതാവിനൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു ഇരുപതുകാരിയുടെ അന്ത്യം. സ്കൂട്ടറിൽ സ്വകാര്യ ബസ്സിടിച്ച തൽക്ഷണത്തിൽ തന്നെ അനീസ മരണത്തിന് കീഴടങ്ങി. ആലുവ മുപ്പത്തടം തെരുവിപറമ്പിൽ ജെറോച്ചന്റെ മകളാണ് അനീസ ഡോളി. ജെറോച്ചൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. അനീസാ ഡോളിയുടെ മരണം കുടുംബത്തേയും കൂട്ടുകാരേയും ഒരുപ്പോലെ തളർത്തിയിരിക്കുകയാണ്.
ഫെഡറൽ ബാങ്കിന്റെ ആലുവ ആസ്ഥാനത്ത് രണ്ടാഴ്‌ച്ചത്തെ പരിശീലനത്തിന് ശേഷം കഴിഞ്ഞ നാലിനാണ് അനീസ തിരൂർ ബ്രാഞ്ചിൽ ജോലിയിൽ പ്രവേശിച്ചത്. നിയമന ഉത്തരവ് ലഭിച്ചപ്പോൾ തുടർ പഠനം വേണോ ജോലി വേണോ എന്ന ആശങ്കയിലായിരുന്നു അനീസ. പഠനം എങ്ങനെയും തുടരാം, ജോലി കിട്ടുക പ്രയാസമാണെന്ന ബന്ധുക്കളുടെ ഉപദേശമാണ് അനീസയെ ജോലിയിൽ പ്രവേശിക്കാൻ പ്രേരിപ്പിച്ചത്.
സാമ്പത്തിക പ്രയാസമുള്ള കുടുംബമായിരുന്നു അനീസയുടെത്. പിതാവ് എടയാറിലെ സ്വകാര്യ കമ്പനിയിൽ കരാർ തൊഴിലാളിയും സഹോദരൻ വയറിങ് തൊഴിലാളിയുമാണ്. വീട്ടിൽ ട്യൂഷൻ എടുത്താണ് പഠിക്കാനുള്ള പണം സമ്പാദിച്ചിരുന്നത്. സിവിൽ സർവീസ് മോഹവും ഉണ്ടായിരുന്നു.
ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കുള്ളിൽ കാര്യപ്രാപ്തി കൊണ്ട് മറ്റ് ജീവനക്കാർക്കിടയിൽ അനീസ ശ്രദ്ധേയയാവുകയും ചെയ്തു. ഇന്നലെ രാവിലെ ആറരയോടെ ആലുവ സെന്റ് ഫ്രാൻസിസ് സ്‌കൂളിന് മുമ്പിലായിരുന്നു വീട്ടുകാരേയും കൂട്ടുകാരേയും വേദനയിലാഴ്‌ത്തിയ അപകടം ഉണ്ടായത്.
അദ്വൈതാശ്രമത്തിന് സമീപത്തെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ, എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവർ സഞ്ചരിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിച്ചു. വലതുവശത്തേക്ക് തെറിച്ചുവീണ അനീസ ബസിനടിയിൽപ്പെട്ടു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ആദ്യ ശമ്പളം വാങ്ങും മുമ്പേ ജീവൻ പൊലിയുകയായിരുന്നു. ശനി, ഞായർ അവധി കഴിഞ്ഞ് മടങ്ങാൻ റെയിൽവേ സ്റ്റേഷനിലേക്ക് വരുമ്പോഴാണ് അപകടം. അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെട്ട സ്വകാര്യ ബസിന്റെ ഡ്രൈവർ വെളിയത്തുനാട് ചെറുപള്ളം വീട്ടിൽ ഫസൽ അലി (23) പിന്നീട് ആലുവ സി.ഐ ഓഫീസിൽ കീഴടങ്ങി. ബസുടമകളുടെ സംഘടന ഇടപ്പെട്ടാണ് ഹാജരാക്കിയത്. ഇയാളല്ല ബസ് ഓടിച്ചിരുന്നതെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























