ജിഷ വധക്കേസില്‍ അമീറുള്‍ ഇസ്‌ലാമിന്റെ നേരിട്ടുള്ള ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ് ലാമിനെ കോടതി നേരിട്ടു ചോദ്യംചെയ്യുന്ന നടപടി പൂര്‍ത്തിയായി. രണ്ടു ദിവസങ്ങളിലായി നടന്ന ചോദ്യം ചെയ്യലില്‍ പ്രോസിക്യൂഷന്‍ സാക്ഷികളുടെ വിസ്താരത്തിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ 921 ചോദ്യങ്ങളാണു കോടതി പ്രതിയോടു ചോദിച്ചത്.
ദ്വിഭാഷിയുടെ സഹായത്തോടെ മലയാളത്തിലെ ചോദ്യങ്ങള്‍ ഹിന്ദിയിലേക്കു മൊഴി മാറ്റിയിരുന്നു. ആരോപണങ്ങള്‍ മുഴുവന്‍ പ്രതി നിഷേധിച്ചു. ഇന്നു തെളിവുകളുടെ അഭാവത്തില്‍ പ്രതിയെ കുറ്റവിമുക്തനാക്കാവുന്ന സിആര്‍പിസി 212 ആം വകുപ്പിന്മേലുള്ള വാദമാവും നടക്കുക. പ്രതിഭാഗത്തുനിന്നു സാക്ഷികളുണ്ടെങ്കില്‍ അവരെയും വിസ്തരിക്കും.
പ്രോസിക്യുഷന്‍ വിസ്തരിച്ച 100 സാക്ഷികളില്‍ അമീറുള്ളിന്റെ സഹോദരന്‍ ബദറുള്‍ ഇസ് ലാം മാത്രമാണു കൂറുമാറിയത്. കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ച 290 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചിരുന്നു. 2016 ഏപ്രില്‍ 28നു വൈകീട്ട് 5.30നും ആറിനുമിടയില്‍ പെരുന്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ബണ്ട് പുറന്‌പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. വാദങ്ങള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ കേസില്‍ വിധി പറഞ്ഞേക്കും.
https://www.facebook.com/Malayalivartha
























