മുഖ്യമന്ത്രിയും തോമസ് ചാണ്ടിക്കെതിരെ; വെല്ലുവിളിയില്‍ അതൃപ്തി അറിയിച്ചു

അവസാനം മന്ത്രി തോമസ് ചാണ്ടിയെ സി.പി.എമ്മും കയ്യൊഴിയുന്നു. മന്ത്രി കായല്‍ കയ്യേറിയെന്ന വിവാദം ഉണ്ടായിട്ട് രണ്ട് മാസം പിന്നിടുമ്പോഴാണ് പാര്‍ട്ടി കടുത്ത നിലപാടിലേക്ക് കടക്കുന്നത്. തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കും. പാര്‍ട്ടിക്കും സര്‍ക്കാരിനും മുന്നണിക്കും നാണക്കേട് ഉണ്ടാക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. അതിനാല്‍ വേഗത്തില്‍ തീരുമാനം വേണമെന്ന് നേതാക്കള്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വടക്കന്‍ മേഖലയില്‍ ജനജാഗ്രത യാത്ര നടത്തുകയാണെങ്കിലും അദ്ദേഹവുമായി കാര്യങ്ങള്‍ ആശയവിനിമയം നടത്തും.
നിയമത്തെ വെല്ലുവിളിച്ച് തോമസ് ചാണ്ടി നടത്തിയ പ്രസ്താവനയില്‍ നേതാക്കള്‍ കടുത്ത അതൃപ്തിയിലാണ്. പരസ്യമായി ഇത്തരം വെല്ലുവിളികള്‍ നടത്തരുതായിരുന്നു. അതുപോലെ തന്നെ സി.പി.ഐയും എ.ജിയും തമ്മിലുള്ള തര്‍ക്കവും ഒഴിവാക്കേണ്ടതായിരുന്നു. തോമസ് ചാണ്ടി വിഷയത്തില്‍ സി.പി.ഐ സ്വീകരിച്ച നിലപാട് ശരിയല്ലെന്നും നേതൃത്വം വിലയിരുത്തുന്നു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ചത്തെ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും. ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തോമസ് ചാണ്ടിയുടെ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് അറിയുന്നത്. ജനജാഗ്രത യാത്ര അവസാനിക്കുന്നത് വരെ തോമസ് ചാണ്ടിക്കെതിരെയുള്ള നടപടി വൈകിപ്പിക്കാനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്.
മുന്നണി നടത്തിയ യാത്രയില്‍ തോമസ് ചാണ്ടി നടത്തിയ വെല്ലുവിളിയില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തിയാണുള്ളത്. തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി അദ്ദേഹം ഇക്കാര്യം അറിയിച്ചു. ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇത്. മന്ത്രിസഭയ്ക്കും മുന്നണിക്കും നാണക്കേടായെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. മന്ത്രിസഭാംഗം തന്നെ ഭൂമി കയ്യേറുമെന്ന് വെല്ലുവിളിക്കുന്നത് കേരള ചരിത്രത്തിലാദ്യമാണ്. ഇടത്പക്ഷ സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് നടക്കുന്നതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha


























