കമിതാക്കള്‍ വീട്ടിനുള്ളില്‍ ഒറ്റക്കയറില്‍ തുങ്ങി മരിച്ച നിലയില്‍

പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ വീട്ടിനുള്ളില്‍ ഒറ്റക്കയറില്‍ തുങ്ങി മരിച്ച നിലയില്‍. ആനാട് വാഴവിള എസ്എസ് ഭവനില്‍ ശശിയുടെ മകന്‍ പെയിന്റിംഗ് ജോലിക്കാരനായ ശരത് (17), കുടപ്പനകുന്ന് മുക്കോല പേരാപ്പൂരില്‍ കായ്പാടി വിള പുതുവല്‍ പുത്തന്‍ വീട്ടില്‍ ഷാജിയുടെ മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ശരണ്യ (16) എന്നിവരാണ് മരിച്ചത്. പൊലീസ് മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
ആനാട് വാഴവിളയില്‍ ഓമനയുടെ വീട്ടിലെ മുറിക്കുള്ളിലാണ് ഇവര്‍ കെട്ടിതൂങ്ങിയത്. മുത്തശ്ശി ഓമനയോടെപ്പമാണ് ശരത് താമസിക്കുന്നത്. ഇന്നലെ രാവിലെ ഓമന ജോലിക്ക് പോയ സമയം ശരണ്യയേയും കൂട്ടി ശരത്ത് വാഴവിളയിലെ വീട്ടിലെത്തി. ഏറെ സമയം കഴിഞ്ഞിട്ടും ഇവരെ കാണാത്തതിനാല്‍ സമീപത്തെ താമസക്കാരനായ ബന്ധു എത്തി നോക്കുമ്പോള്‍ മുറി അകത്തു നിന്നു പൂട്ടിയതായി കാണപ്പെട്ടു.
സംശയം തോന്നിയതിനാല്‍ മുറി കുത്തിതുറന്ന് നോക്കുമ്പോഴായിരുന്നു ഇരുവരും മുറിക്കുള്ളിലെ കയറില്‍ കെട്ടിതൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇതിന് സമീപമുണ്ടായിരുന്ന കട്ടിലില്‍ ഇരുവരും കൈമാറിയിരുന്ന കത്തുകള്‍ പ്രത്യേകം വച്ചിരുന്നത് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ശരത്തിന്റെ പിതാവ് ശശി ഏറെനാള്‍ മുമ്പ് മാതാവുമായി പിരിഞ്ഞ് മറ്റൊരു വിവാഹം കഴിച്ച് മുക്കോലയിലാണ് താമസം. ശരത്തിന്റെ മാതാവ് ഗള്‍ഫിലാണ്. ശരത് ഇടയ്ക്കിടയ്ക്ക് പിതാവിന്റെ വീട്ടില്‍ പോകാറുണ്ടെങ്കിലും വാഴവിളയിലെ മുത്തശ്ശിയോടെപ്പമാണ് താമസം. വിരലടയാള വിദഗ്ദര്‍ എത്തി പരിശോധന നടത്തി.
https://www.facebook.com/Malayalivartha























