നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ പോലീസ്; കോടതിയിൽ രഹസ്യമൊഴി നൽകി വിപിൻ ലാൽ; കേസിലെ പത്താം പ്രതി ഇനി മാപ്പുസാക്ഷി

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ കേസിലെ പത്താം പ്രതിയായ വിപിൻ ലാലിനെ മാപ്പുസാക്ഷിയാക്കുമെന്ന് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച അങ്കമാലി കോടതിയിലെത്തിയ വിപിൻ ലാൽ മജ്സ്ട്രേറ്റിന് മുൻപാകെ മൊഴി നൽകി.
കേസിലെ മുഖ്യപ്രതി പൾസർ സുനിയോടൊപ്പം തടവിൽ കഴിയവേ സുനിക്ക് കത്തെഴുതി കൊടുത്തത് വിപിൻലാലാണ്. ആലുവ ജയിലിൽ നടന്ന ഫോൺ വിളിയിലും പൾസർ സുനിയ്ക്ക് ഇയാൾ ഒത്താശ ചെയ്തതായാണ് വിവരം. കേസിൽ അന്വേഷണ സംഘത്തിന് തിരിച്ചടി നൽകി മുഖ്യസാക്ഷി നാടകീയമായി കോടതിയിൽ മൊഴി മാറ്റിയിരുന്നു. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനാണ് ദിലീപിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞത്.
കേസിലെ ഒന്നാം പ്രതി പൾസർ സുനി കീഴടങ്ങുന്നതിന് മുന്പ് ലക്ഷ്യയിൽ എത്തിയിരുന്നുവെന്നായിരുന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ, മജിസ്ട്രേട്ടിന് മുന്പാകെ നൽകിയ രഹസ്യമൊഴിയിലാണ് ഇയാൾ ദിലീപിന് അനുകൂലമായി നിലപാടെടുത്തത്.
കേസിൽ തന്നെ അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് ലക്ഷ്യയിൽ പോയതായി പൾസർ സുനി അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് താൻ അവിടെ ഏൽപ്പിച്ചിരുന്നതായും ഇവിടെ നിന്നും പണം കൈപ്പറ്റിയതായും സുനി വെളിപ്പെടുത്തിയിരുന്നു. കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവറാണ് ജീവനക്കാരന്റെ മൊഴി മാറ്റത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് പൊലീസ് അന്വേഷിക്കും.

ലക്ഷ്യയിലെ ജീവനക്കാരന്റെ ആലപ്പുഴയിലെ വീട്ടിൽ ഇയാൾ പോയിരുന്നതായും ഇതിനു ശേഷമാണ് അയാൾ പഴയ മൊഴിയിൽ നിന്നു വ്യതിചലിച്ചതെന്നുമാണ് അന്വേഷണസംഘം സംശയിക്കുന്നത്. അനുബന്ധ കുറ്റപത്രം വൈകാൻ കാരണം ഈ മുഖ്യ സാക്ഷിയുടെ മൊഴിമാറ്റമാണെന്നാണ് സൂചന.

https://www.facebook.com/Malayalivartha























