ദിലീപ് എന്ന തട്ടിപ്പുകാരന്റെ വീട്ടിലെ സാധനങ്ങള്‍ കണ്ട് എക്‌സൈസ് ഞെട്ടി

വെഞ്ഞാറമൂട്: കഞ്ചാവ്, ആമത്തോട്, മാന്‍കൊമ്പ് എല്ലാം ഒരുകുടക്കീഴില്‍ കച്ചവടം നടത്തുന്നയുവാവ് പിടിയില്‍. കോട്ടുകുന്നം ശിവക്ഷേത്രത്തിന് സമീപം വൃദ്ധഭവനം വീട്ടില്‍ ദിലീപ്കുമാറിനെയാണ് (38) വാമനപുരം എക്‌സൈസ് അധികൃതര്‍ വലയിലാക്കിയത്. റെയ്ഡില്‍ ഏഴരക്കിലോ കഞ്ചാവുള്‍പ്പെടെയാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. ഇയാളില്‍ നിന്നും എയര്‍ഗണ്ണും കലമാന്‍ കൊമ്പുകളും ആമയുടെ പുറന്തോടും വെടിമരുന്നുകളും 200ഓളം മയില്‍പ്പീലി തണ്ടുകളും ബൈക്കും കലമാനിന്റെയും കാട്ടുപന്നിയുടെയും കാലുകളും കണ്ടെത്തിട്ടുണ്ട്.
എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും വാമനപുരം എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗവും വാമനപുരം എക്‌സൈസ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബുധനാഴ്ച രാവിലെ ഇയാളെ കോട്ടുകുന്നത്തുള്ള വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. പിടികൂടിയ കഞ്ചാവിന് മാത്രം 15 ലക്ഷത്തോളം വിലയുണ്ടാകുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു. ഒരു മീറ്ററോളം നീളവും അത്രയും തന്നെ വീതിയുമുള്ളതാണ് ആമയുടെ പുറന്തോട്. കലമാന്‍ കൊമ്പുകള്‍ക്കും ഒരു മീറ്ററോളം നീളംവരും. ഇവയ്ക്കും ലക്ഷങ്ങള്‍ വലിമതിക്കുമെന്ന് കണക്കുകൂട്ടുന്നു. മയിലിനെയും കാട്ടുപന്നിയെയും കലമാനിനെയും വേട്ടയാടിപ്പിടിച്ചതാണെന്നും ഇയാള്‍ക്കൊപ്പം മറ്റ് സംഘാംഗങ്ങള്‍ ഉണ്ടെന്നും അവരെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
എക്‌സൈസ് നെടുമങ്ങാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. പ്രദീപ്കുമാര്‍, വാമനപുരം എക്‌സൈസ് റെയിഞ്ച് ഇന്‍സ്‌പെക്ടര്‍ മിഥിന്‍ലാല്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുധാകരന്‍നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സുദര്‍ശന്‍, സുരേഷ്‌കുമാര്‍, സതീഷ്‌കുമാര്‍, സന്തോഷ്‌കുമാര്‍, അനില്‍കുമാര്‍, സജി. ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നസീര്‍, സ്‌നേഹേഷ്, രാഹുല്‍, വിമല്‍നാഥ്, അനീഷ്, അജിതകുമാരി, സജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha























