ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കറുടെ കൊലപാതകം; ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ ക്രിമിനൽ വക്കീൽ സി.പി.ഉദയഭാനു

ചാലക്കുടിയിലെ റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിനെ കൊലപ്പെടുത്തിയ കേസിൽ ഏഴാം പ്രതി സി.പി. ഉദയഭാനുവിനെ അന്വേഷണസംഘം ചോദ്യം ചെയ്തു തുടങ്ങി. തിങ്കളാഴ്ച രാവിലെ ചാലക്കുടി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഉദയഭാനുവിനെ വ്യാഴാഴ്ച രാവിലെ 11ന് തിരികെ ഹാജരാക്കാൻ നിർദേശിച്ച് മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. നടപടി പൂർത്തിയാക്കി മൂന്നരയോടെ ജയിലിൽ നിന്നും ഉദയഭാനുവിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
ചാലക്കുടി ഡിവൈ.എസ്.പി ഓഫിസിലെത്തിച്ച ഉദയഭാനുവിനെ പ്രത്യേക അന്വേഷണ സംഘം മേധാവി ഡിവൈ.എസ്.പി എസ്. ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ തുടങ്ങി. നേരത്തെ തയാറാക്കിയ ചോദ്യാവലി പരിഷ്കരിച്ചാണ് ചോദ്യം ചെയ്യൽ.
നേരത്തെ നൽകിയ മറുപടി തന്നെയാണ് ഉദയഭാനു നൽകുന്നതെന്നും, ചോദ്യം ചെയ്യലിൽ സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറഞ്ഞു. തിങ്കളാഴ്ച വൈകുവോളവും അന്വേഷണ സംഘം കൊലപാതകത്തിന്റെ ഗൂഢാലോചനയെ അറിയാനുള്ള ശ്രമം തുടർന്നു.
രാജീവുമായുള്ള ഇടപാടും ബന്ധവും, ചക്കര ജോണിയും രഞ്ജിത്തും തമ്മിലുള്ള ബന്ധം, കൊലപാതക സാഹചര്യം എന്നീ ചോദ്യങ്ങളോട് ഉദയഭാനു നിസ്സഹകരിക്കുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു. വസ്തു ഇടപാടുമായി രാജീവിനോട് ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























