നിര്‍മല്‍കൃഷ്ണ തട്ടിപ്പ്; ദുരൂഹതകളേറെ, രാഷ്ട്രീയക്കാരിലേക്കും അന്വേഷണം നീളുമോ?

കോടികളുടെ നിക്ഷേപതട്ടിപ്പ് നടത്തിയ നിര്‍മല്‍കൃഷ്ണ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് വി.എസ് ശിവകുമാര്‍ എം.എല്‍.എയുടെ സുഹൃത്തായ ഹരികൃഷ്ണനെ തമിഴ്‌നാട് പൊലീസ് ചോദ്യം ചെയ്തു. ശിവകുമാര്‍ ആരോഗ്യമന്ത്രിയായിരുന്നപ്പോല്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ഡയറക്ടറായി ജോലി ചെയ്തിരുന്നയാളാണ് ഹരികൃഷ്ണന്‍. അതുപോലെ ശിവകുമാര്‍ മന്ത്രിയായിരുന്നപ്പോള്‍ പഴ്‌സണല്‍ സ്റ്റാഫിലുണ്ടായിരുന്ന ഒരാളെയും ചോദ്യം ചെയ്തിട്ടുണ്ട്. അതുപോലെ ഉണ്ണികൃഷ്ണന്‍ എന്നയാള്‍ക്ക് നിര്‍മല്‍ കൃഷ്ണയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സെക്രട്ടറിയേറ്റില്‍ നിന്നും തമിഴ്‌നാടിനായി രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസിലെ പ്രതിയാണ് ഉണ്ണികൃഷ്ണന്‍.
അതേസമയം കേസില്‍ ഒരു മുന്‍ മന്ത്രി പ്രതിയായേക്കുമെന്ന് മാതൃഭൂമി പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ മന്ത്രിയുടെ ബിനാമിയായി നിര്‍മല്‍കൃഷ്ണ ചിട്ടി കമ്പനി ഉടമകള്‍ പ്രവര്‍ത്തിച്ചതായി തമിഴ്‌നാട് പൊലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. അതുപോലെ കേരളത്തിലെ ഒരു ഡിവൈ.എസ്.പിക്കും കേസില്‍ പങ്കുള്ളതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇവരെയെല്ലാം കേരളാ പൊലീസ് ചോദ്യം ചെയ്ത ശേഷം തമിഴ്‌നാട് പൊലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ഇതുകൂടി പരിശോധിച്ച ശേഷമാണ് ഇന്ന് ഹരികൃഷ്ണനെ ചോദ്യം ചെയ്തത്. പതിനായിരത്തോളം നിക്ഷേപകരില്‍ നിന്ന് 600 കോടി രൂപ നിര്‍മല്‍ കൃഷ്ണ ചിട്ടി കമ്പനി തട്ടിയെടുത്തെന്നാണ് പരാതി. ഇത് സംബന്ധിച്ച് നാലായിരത്തിലധികം പരാതികളാണുള്ളത്.
പരാതികളുടെ അടിസ്ഥാനത്തില്‍ 300 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടിയിലധികം നിക്ഷേപിച്ച പലരുടെയും വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവം നടന്നത് കേരള അതിര്‍ത്തിയിലുള്ള തമിഴ്‌നാട്ടിലായതിനാല്‍ കേരള പൊലീസിന് അന്വേഷണത്തിന് പരിമിതികളുണ്ട്. തട്ടിപ്പ് നടത്താനായി അതിര്‍ത്തി പ്രദേശത്ത് ബോധപൂര്‍വ്വം കമ്പനി സ്ഥാപിക്കുകയായിരുന്നെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. 22 പ്രതികളാണ് കേസിലുള്ളത്. ഇതില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. മൂന്ന് ഡയറക്ടര്‍മാരും രണ്ട് ജീവനക്കാരുമാണിത്. അതേസമയം കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തവരെ ചോദ്യം ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്ന് നിക്ഷേപകര്‍ ആരോപിക്കുന്നു. ഇവരെ ചോദ്യം ചെയ്താല്‍ ബിനിമി ഇടപാടുകളെ കുറിച്ച് വിവരം ലഭിക്കുമെന്നറിയുന്നു.
https://www.facebook.com/Malayalivartha


























