പള്‍സറിന്റെ ഭീഷണി വന്നതിന് പിന്നാലെ ദിലീപ് ഡി.ജി.പിയെ വിളിച്ചതിന് തെളിവ്

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ ചിലര്‍ തന്നെ കുടുക്കിയാതെന്ന നടന്‍ ദിലീപിന്റെ വാദം ശരിവയ്ക്കുന്ന രീതിയിലുള്ള തെളിവുകള്‍ പുറത്ത് വരുന്നു. പള്‍സര്‍ സുനി ജയിലില്‍ നിന്ന് തന്നെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ദിലീപ് ഡി.ജി.പിയയെ വിളിച്ചതിന്റെ ഫോണ്‍ രേഖകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്ത് കൊണ്ടുവന്നു. ഈ രേഖകള്‍ കൈവശം ഉള്ളത് കൊണ്ടായിരിക്കും ദിലീപ് ഡിജിപിക്കും എ.ഡി.ജി.പി സന്ധ്യയ്ക്കും എതിരെ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയതെന്ന് ഇതോടെ വ്യക്തമായി. മാത്രമല്ല കേസ് സി.ബി.ഐ അന്വേഷിക്കുകയോ അല്ലെങ്കില്‍ പുതിയ അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയോ വേണമെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. ഇതേക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ തയ്യാറായിരുന്നില്ല.
മാര്‍ച്ച് 28നാണ് വിഷ്ണു എന്നയാള്‍ പള്‍സര്‍ സുനി പറഞ്ഞിട്ട് ദിലീപിനെ വിളിക്കുന്നത്. എന്നാല്‍ ഏപ്രില്‍ 22നാണ് ഇത് സംബന്ധിച്ച് പരാതി കിട്ടിയതെന്നായിരുന്നു അന്വേഷണ സംഘം പറഞ്ഞിരുന്നത്. എന്നാല്‍ വാട്‌സാപ്പിലൂടെ അറിയിച്ച കാര്യം പരാതിയായി കണക്കാക്കാനാകില്ല എന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. തനിക്ക് ഭീഷണി വന്നയുടനെ ദിലീപ് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ പേഴ്‌സണല്‍ മൊബൈലില്‍ വിളിച്ചിരുന്നു. അതിന് ശേഷം പലവട്ടം വിളിച്ചതിനും തെളിവുണ്ട്. ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിച്ച വേളയില്‍ ഡി.ജി.പിക്ക് പരാതി നല്‍കിയിട്ടില്ലെന്ന് പറഞ്ഞത് ഔദ്യോഗിക ഫോണില്‍ അറിയിച്ചില്ലെന്ന കാരണത്താലാകുമെന്നാണ് വിലയിരുത്തുന്നത്.
കഴിഞ്ഞ ഏപ്രില്‍ 10നാണ് ഡി.ജി.പിയുടെ സ്വകാര്യമൊബൈല്‍ നമ്പറിലേക്ക് ദിലീപ് വിളിച്ചത്. സംവിധായകന്‍ നാദിര്‍ഷയുമായും ബാല്യകാല സുഹൃത്ത് വ്യാസന്‍ ഇടവനക്കാടുമായും സംസാരിച്ച ശേഷം രാത്രിയിലാണ് വിളിച്ചത്. അന്നാണ് പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ചത്. ഏപ്രില്‍ 18നും 20നും 21നും വീണ്ടും വിളിച്ചു. ഇതെല്ലാം റെക്കോഡ് ചെയ്ത് ഡി.ജി.പിയുടെ വാട്‌സാപ്പിലേക്ക് അയച്ചെന്നാണ് ദിലീപും നാദിര്‍ഷയും പറഞ്ഞിരുന്നത്. കേസില്‍ മഞ്ജുവാര്യരെ കുറിച്ച് ഞാന്‍ മൊഴി നല്‍കിയപ്പോള്‍ എ.ഡി.ജി.പി റെക്കോഡ് ചെയ്തിരുന്ന ക്യാമറ ഓഫാക്കിയതായും ദിലീപ് ആരോപണം ഉന്നയിച്ചിരുന്നു. ഇതെല്ലാം ശരിയാണോ എന്ന് വരും ദിവസങ്ങളില്‍ അറിയാനാകും.
https://www.facebook.com/Malayalivartha


























