മഞ്ജുവില്ലെങ്കിലും ദിലീപിനെ പൂട്ടാന്‍ എട്ട് തെളിവുകള്‍; ഗൂഢാലോചന കേസില്‍ തലയൂരാൻ പറ്റാത്തവിധം കുറ്റപത്രം തയ്യാർ

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ഉള്ള കുറ്റപത്രം നാളെ രാവിലെ 11 മണിയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. നടി ആക്രമിക്കപ്പെട്ട ശേഷം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടി കാവ്യയുടെ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ എത്തിയതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇവിടുത്തെ ജീവനക്കാരില്‍ ഒരാളെ ഈ സംഭവത്തില്‍ സാക്ഷിപ്പട്ടികയില്‍ പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് നിലപാട് മാറ്റിയതായി വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് സ്ഥാപനത്തിലെ മറ്റൊരു ജീവനക്കാരനെ സാക്ഷിപ്പട്ടികയില്‍ പെടുത്തിയെന്നും പള്‍സര്‍ സുനി സ്ഥാപനത്തിലെത്തുന്നതിന്റെ കൂടുതല്‍ വ്യക്തതയുള്ള സിസി ടിവി ദൃശ്യങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ടെന്നും ഇതും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം കോടതിയില്‍ എത്തിക്കുമെന്നുമാണ് അറിയുന്നത്.
മുഖ്യ അന്വേഷണ ഉദ്യേഗസ്ഥനായ പെരുമ്പാവൂര്‍ സി ഐ ബൈജു പൗലോസ് മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് ഇതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയതായിട്ടാണ് ലഭ്യമായ വിവരം. ദിലീപിനെതിരെ തെളിവില്ലെന്ന പ്രചരണങ്ങള്‍ക്കിടയിലും കേസില്‍ ദിലീപിനെ കുടുക്കാന്‍ പാകത്തില്‍ തെളിവുകള്‍ കൈവശമുണ്ടെന്ന ഉറച്ച വിശ്വാസത്തിലാണ് അന്വേഷണ സംഘം.
ദിലീപിനെ കുടുക്കുന്ന എട്ട് തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസ് നല്‍കുന്ന സൂചന. മഞ്ജു വാര്യര്‍ സാക്ഷിയായില്ലെങ്കിലും ദിലീപിനെ കുടുക്കാനാകുമെന്നാണ് പൊലീസ് പറയുന്നത്. ഒരു കുറ്റകൃത്യം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ ആദ്യം ചെയ്യേണ്ടത് നിയമത്തിന്റെ ഭാഷയില്‍ മെന്‍സ്‌റിയ തെളിയിക്കണം. മെന്‍സ്‌റിയ എന്നാല്‍ കുറ്റകരമായ ഉദ്ദേശം ഉണ്ടാവുക എന്നതാണ്.
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്ത് എന്നതും അമേരിക്കയിലെ ഷോയ്ക്കിടെ നടന്ന ചില കാര്യങ്ങള്‍ മഞ്ജുവിനെ അറിയിച്ചതാണ് വൈരാഗ്യത്തിന് കാരണം എന്നും ഉള്ളതാണ് ഈ വിഷയത്തിലെ പ്രധാന മെന്‍സ്‌റിയ. അത് തെളിയിക്കാന്‍ മഞ്ജു വാര്യരുടെ മൊഴി അത്യാവശ്യം ആണ്. ഇതാണ് പൊലീസിന് ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ മഞ്ജുവിന്റെ പിന്മാറ്റം ദിലീപിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍. ഇതിനിടെയിലാണ് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
ദിലീപിനെതിരെ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഗൂഢാലോചന കേസ് നിലനില്‍ക്കുമെന്നും നിലവില്‍ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ കേസില്‍ ശിക്ഷ ഉറപ്പാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. മുഖ്യ പ്രതി പള്‍സര്‍ സുനിയാണ് ഈ കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി. ഇവര്‍ ഇരുവരും കൂടിയാലോചിച്ച് തുക ഉറപ്പിച്ച് കൃത്യം നടത്തിയെന്നാണ് പൊലീസ് വാദം. പള്‍സര്‍ സുനിയുടെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നതിന് പര്യാപ്തമെന്ന് കരുതപ്പെടുന്ന സാഹചര്യ തെളിവുകളുമാണ് ഈ കേസില്‍ അന്വേഷണ സംഘത്തിന്റെ കൈവശമുള്ള കച്ചിത്തുരുമ്പ്. ഇത് കോടതി എത്രത്തോളം വിശ്വാസത്തിലെടുക്കുമെന്ന് കണ്ടറിയണമെന്നാണ് നിലവിലെ സ്ഥിതി. ഈ കേസില്‍ ദിലീപ് ശിക്ഷിക്കപ്പെടുന്നതിന് സാദ്ധ്യത നാമമാത്രമായിട്ടാണെങ്കിലും നിലനില്‍ക്കുന്നത് ഈ കേസില്‍ മാത്രമാണെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

സ്ഥിരം കുറ്റവാളിയായി മുദ്രകുത്തപ്പെട്ട പള്‍സര്‍ സുനിയുടെ മൊഴി കോടതി വിശ്വാസത്തിലെടുക്കുമോ എന്ന ചര്‍ച്ച നിയമവൃത്തങ്ങളില്‍ സജീവമാണ്. ഈ ഒരു സാഹചര്യത്തെ പ്രൊസിക്യൂഷന്‍ എങ്ങനെ അഭിമൂഖികരിക്കുമെന്നതിനെ ആശ്രയിച്ചായിരിക്കും കേസിന്റെ തുടര്‍ഭാവിയെന്നും ഇക്കൂട്ടര്‍ വിലയിരുത്തുന്നു. കേസില്‍ പൊസിക്യൂഷന്‍ പരാജയപ്പെടുന്ന ഒരു സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ അത് സര്‍ക്കാരിന് കനത്ത പ്രഹരമായിരിക്കുമെന്നുറപ്പാണ്.
https://www.facebook.com/Malayalivartha


























