കൊലപാതകം, ബലാത്സംഗം,തെളിവ് നശിപ്പിക്കൽ...ജിഷ വധക്കേസിൽ അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി

ജിഷ വധക്കേസിലെ ഏക പ്രതി അമീറുൾ ഇസ്ളാം കുറ്റക്കാരനാണെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കണ്ടെത്തി. പെരുമ്പാവൂർ കുറുപ്പുംപടി സ്വദേശിയും നിയമ വിദ്യാർത്ഥിനിയുമായിരുന്ന ജിഷയെ 2016 ഏപ്രിൽ 28 നാണ് കനാൽ പുറമ്പോക്കിലെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂൺ 16ന് പ്രതി അസാം സ്വദേശി അമീറുൾ ഇസ്ളാം പിടിയിലായി. ലൈംഗികാസക്തിയുമായി സമീപിച്ച പ്രതിക്ക് വഴങ്ങാതിരുന്ന ജിഷയെ അയാൾ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് കേസ്. ജിഷയെ മാരകമായി കുത്തി പരിക്കേല്പിച്ച പ്രതി കുടിക്കാൻ വെള്ളം ചോദിച്ച ജിഷയുടെ വായിലേക്ക് മദ്യമൊഴിച്ചു നൽകിയെന്നും കുറ്റപത്രത്തിൽ പറയുന്നു.
അമീറിനെ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. അന്യ സംസ്ഥാന തൊഴിലാളിയായ അമീറിനെ കണ്ടെത്താൻ പൊലീസ് ഏറെ പണിപ്പെട്ടു. 2016 സെപ്തംബർ 17ന് കുറ്റപത്രം സമർപ്പിച്ച കേസിന്റെ രഹസ്യ വിചാരണ മാർച്ച് 13 നാണ് പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങിയത്. അമീറുൾ പ്രതിയല്ലെന്നും ഇയാളെ പൊലീസ് കുടുക്കിയെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
ജിഷയുടെ ശരീരത്തിൽ നിന്ന് ലഭിച്ച ഉമിനീരിലും രക്തത്തിലും അമീറുൾ ഇസ്ളാമിന്റെ ഡി.എൻ.എ സ്ഥിരീകരിച്ച ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് ഹാജരാക്കിയാണ് പ്രോസിക്യൂഷൻ ഈ വാദത്തെ എതിർത്തത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഈ കേസിന്റെ അന്വേഷണം ശരിയായ ദിശയിലല്ലെന്ന ആരോപണമടക്കം ഉയർന്നിരുന്നു. എന്നാൽ ഇത്തരം എതിർവാദങ്ങളെ മറികടന്നാണ് അന്വേഷണ സംഘം 1500 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.
https://www.facebook.com/Malayalivartha

























