വീട്ടില്‍ കയറുന്നത് കാമുകി വിലക്കി; കാമുകൻ കാമുകിയോട് കാട്ടിയ ക്രൂരത ഇങ്ങനെ...

വീട്ടില്‍ കയറുന്നത് കാമുകി വിലക്കിയതിനെ തുടര്‍ന്ന് ഹോംനേഴ്‌സായ കാമുകിയെ ഒപ്പം താമസിച്ചിരുന്നയാള്‍ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. സംഭവത്തിന് ശേഷം രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. കിളികൊല്ലൂര്‍ കുറ്റിച്ചിറ പേരൂര്‍ തെറ്റിച്ചിറ വയലില്‍ തുളസീധരന്‍ പിള്ളയുടേയും രാധാമണിയമ്മയുടേയും മകളായ സിനിത (34) ആണ് മരിച്ചത്.
ഇവരുടെ കാമുകനും ഒപ്പം താമസിച്ചിരുന്നയാളുമായ കുറ്റിച്ചിറ ഇരട്ടകുളങ്ങര ക്ഷേത്രത്തിന് സമീപം പണയില്‍ വീട്ടില്‍ സതീഷ് കുമാറി(43)നെ ആണ് സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ കണ്ണനല്ലൂരിനടുത്ത് കുന്നുംപുറത്ത് സിനിത വാടകക്ക് താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഭവം. എറണാകുളം കലൂര്‍ കേന്ദ്രീകരിച്ചുള്ള ഒരു സ്ഥാപനത്തില്‍ നിന്നും ഹോംനേഴ്‌സായി ജോലി നോക്കി വരികയായിരുന്ന സിനിത മൂന്നു മാസത്തെ ജോലിക്ക് ശേഷം നാലു ദിവസം മുമ്പാണ് കുന്നുംപുറത്തുള്ള വീട്ടിലെത്തിയത്.
പത്തു വര്‍ഷം മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് കഴിഞ്ഞ ഏതാനും വര്‍ഷമായി പ്രതിയായ സതീഷ് കുമാറാണ് സിനിതയോടൊപ്പം കഴിഞ്ഞിരുന്നത്. തിങ്കളാഴ്ച രാവിലെ സിനിതയുടെ വീട്ടിലെത്തിയ ഇയാള്‍ സിനിതയുമായി വഴക്കുണ്ടാകുകയും വീട്ടിലുണ്ടായിരുന്ന ചൈനീസ് നിര്‍മിത കറിക്കത്തി ഉപയോഗിച്ച് വീട്ടിനുള്ളിലും സിറ്റൗട്ടിലും വച്ച് കാമുകിയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
മൂന്നു മക്കളുടെ മാതാവായ സിനിതയുടെ മൂത്ത മകനായ 17 കാരന്‍ വിഷ്ണു തിങ്കളാഴ്ച രാവിലെ ഇയാള്‍ വരുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. സിനിതയുടെ സഹോദരിയുടെ മുഖത്തലയിലുള്ള വീട്ടില്‍ നിന്നിരുന്ന സഹോദരിമാരായ ശ്രീദേവിയേയും ശ്രീലക്ഷമിയേയും വിളിച്ചു കൊണ്ടുവരുന്നതിനായി വിഷ്ണു പുറത്തു പോയിരുന്ന സമയത്താണ് കൊലപാതകം നടന്നത്. സഹോദരിയെയും കൂട്ടി വിഷ്ണു തിരിച്ചു വരുമ്പോള്‍ സതീഷ്‌കുമാര്‍ വീടിന് പുറത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
വീടിനകത്തേക്ക് കയറിയപ്പോഴാണ് മാതാവ് സിനിത കുത്തും വെട്ടുമേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് വിഷ്ണു കണ്ടത്. വിഷ്ണു തിരിച്ചിറങ്ങി വരുമ്പോഴേക്കും ഇയാള്‍ വീടിന്റെ ചുറ്റുമതില്‍ ചാടി കടന്നിരുന്നു. ബഹളം കേട്ട് ഓടി കൂടിയവര്‍ പ്രതിയെ പിടികൂടി പൊലീസിന് കൈമാറുകയും വെട്ടേറ്റുകിടന്ന സിനിതയെ മെഡിസിറ്റി ആസ്പത്രിയില്‍ എത്തിക്കുകയും ചെയ്യുകയായിരുന്നു.
ആസ്പത്രിയില്‍ എത്തിയപ്പോഴേക്കും സിനിത മരണമടഞ്ഞിരുന്നു. മെഡിസിറ്റി ആസ്പത്രിയില്‍ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്ക് മാറ്റി. ചവറയില്‍ ടൂവിലര്‍ മെക്കാനിക്കാണ് പിടിയിലായ സതീഷ് കുമാര്‍. കൊട്ടിയം സിഐ.അജയ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
https://www.facebook.com/Malayalivartha


























