ലക്ഷ്യം ആ കിടിലൻ കാറായിരുന്നു; മോഷ്ടിക്കാന്‍ പൂട്ടു തകര്‍ത്ത് കാറില്‍ കയറി പക്ഷെ മദ്യത്തിന്റെ ആലസ്യത്തില്‍ ഉറങ്ങിപ്പോയി...പിന്നെ സംഭവിച്ചതോ?

കള്ളന്റെ ലക്ഷ്യം ആ സ്കോര്‍പ്പിയോ ആയിരുന്നു. മോഷ്ടിക്കാന്‍ പൂട്ടു തകര്‍ത്ത് കാറില്‍ കയറിയ കള്ളന്‍ മദ്യലഹരിയില്‍ മയങ്ങിപ്പോയി. എഴുന്നേല്‍ക്കുന്നതു നേരം പുലര്‍ന്നു ഗൃഹനാഥന്‍ തട്ടിവിളിക്കുമ്പോൾ. അല്‍പ്പ നേരം പരുങ്ങിയെങ്കിലും സംഭവത്തിന്റെ ഗൗരവം മനസിലായതോടെ കള്ളൻ ഇറങ്ങിയോടി. ഗൃഹനാഥനും അയല്‍വാസികളും പിന്നീട് പോലീസും പിന്നാലെ ഓടിയെങ്കിലും കള്ളന്‍ രക്ഷപ്പെട്ടു. രസകരമായ സംഭവം കോട്ടയത്ത്..
കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ കളത്തിപ്പടി ജങ്ഷനില്‍ കല്ലറയ്ക്കല്‍ ഡോ. ബേബി ഐപ്പിന്റെ വീട്ടിലാണു സംഭവം. ഇന്നലെ പുലര്‍ച്ചെയാണു മോഷ്ടാവ് വീടിനു മുന്നില്‍ കിടന്ന സ്കോര്‍പ്പിയോ കാര്‍ മോഷ്ടിക്കാനെത്തിയത്. ഗേറ്റ് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് കാറിന്റെ സെന്റര്‍ ലോക്ക് തകര്‍ത്ത് ഉള്ളില്‍ കയറി. കൈയിലുണ്ടായിരുന്ന ടൂള്‍ കിറ്റ് കാറില്‍ വച്ച് ബാഗിലുണ്ടായിരുന്ന മദ്യവും ടച്ചിങ്ങായി കരുതിയ കടലയും കഴിച്ചു. പിന്നീട് മദ്യത്തിന്റെ ആലസ്യത്തില്‍ ഉറങ്ങി.
നേരം പുലര്‍ന്നപ്പോള്‍ കാറിനുള്ളില്‍ ആരോ കിടക്കുന്നതായി തോന്നിയ ഗൃഹനാഥന്‍ പരിശോധിച്ചപ്പോഴാണു കള്ളന്‍ ഉണര്‍ന്നത്. തട്ടിയുണര്‍ത്തി വിളിച്ച ശേഷം എന്തിനാണു കാറിനുള്ളില്‍ കിടക്കുന്നന്നെു ചോദിച്ചപ്പോള്‍, സാര്‍ ഇന്നലെ എന്നെ വിളിച്ചില്ലായിരുന്നോ എന്നായിരുന്നു മറുപടി. തുടര്‍ന്നു അപകടം മണത്ത കള്ളന്‍ മറ്റൊന്നും ആലോചിക്കാതെ ഇറങ്ങിയോടി. ഇതോടെ ഡോക്ടറും അയല്‍വാസികളും പിന്നാലെ കൂടി. വിവരമറിഞ്ഞ് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും എത്തി.
എന്നാല്‍, ആനത്താനം റൂട്ടില്‍ ഓടിയ കള്ളന്‍ സമീപത്തെ റബര്‍ത്തോട്ടത്തില്‍ ചാടി രക്ഷപ്പെട്ടു. കാറിനുള്ളിനിന്നും ഒഴിഞ്ഞ മദ്യക്കുപ്പിയും മോഷണ ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെത്തി. കാഞ്ഞിരപ്പള്ളിയിലെ ബീവറേജസ് ഔട്ട്ലെറ്റിലെ ഒരു ബില്ലു മാത്രമാണു പോലീസിനു ലഭിച്ചിരിക്കുന്ന പിടിവള്ളി. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























