ബാര്‍ക്കോഴ കേസിലെ വിജിലന്‍സ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സര്‍ക്കാര്‍ അഭിഭാഷകനെ വിളിച്ചുവരുത്തി ഹൈക്കോടതി അതൃപ്തി അറിയിച്ചു, റിപ്പോര്‍ട്ടിന്‍മേല്‍ മാധ്യമ ചര്‍ച്ചകള്‍ പാടില്ലെന്നും കോടതി

കെ.എം മാണിക്കെതിരായ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. കഴിഞ്ഞ ദിവസമാണ് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനെ വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്.റിപ്പോര്‍ട്ടിന്‍മേല്‍ മാധ്യമചര്‍ച്ചകള്‍ പാടില്ലെന്നും കോടതി വിലക്കി. ബാര്‍കോഴ കേസില്‍ കെ.എം മാണിക്കെതിരെ വ്യക്തമായ തെളിവ് കണ്ടെത്താനായില്ലെന്നും ബിജുരമേശ് നല്‍കിയ ഫോണ്‍ സംഭാഷണം എഡിറ്റ് ചെയ്തതാണെന്നും അതിനാല്‍ അന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നുമാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്. തുടര്‍ന്ന് 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.
മാണിക്കെതിരേ സാഹചര്യത്തെളിവുകളോ ശാസ്ത്രീയത്തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മാണി കോഴ വാങ്ങിയതിനും തെളിവില്ല. പരാതിക്കാരനായ ബിജു രമേശ് തെളിവായി സമര്‍പ്പിച്ച സി.ഡിയില്‍ കൃത്രിമം നടത്തിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി. റിപ്പോര്‍ട്ട്് മുദ്രവച്ച കവറിലാണ് വിജിലന്‍സ് ഹൈക്കോടതിയില്‍ നല്‍കിയത്. തുടരന്വേഷണം റദ്ദാക്കാന്‍ കെ.എം മാണി നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ തീരുമാനം എടുത്തത്.
ഡിസംബര്‍ 17ന് അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസംകൂടി സമയം വേണമെന്നാണ് സര്‍ക്കാര്‍ ആദ്യം ആവശ്യപ്പെട്ടത്. ഇതനുവദിച്ച സിംഗിള്‍ബെഞ്ച് ഹര്‍ജി കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചപ്പോഴാണ് വിജിലന്‍സ് വീണ്ടും സമയം നീട്ടി ചോദിച്ചത്. കെ.എം മാണി ധനമന്ത്രിയായിരുന്ന കാലത്ത് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഒരു കോടി രൂപ നല്‍കിയെന്ന് 2014 ഒക്ടോബര്‍ 30ന് കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കെ.എം മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആദ്യം കേസ് അന്വേഷിച്ച എസ്.പി സുകേശന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നീട് അന്വേഷണം നടത്തിയ സംഘം ബിജുരമേശ് പണം നല്‍കിയതിന് തെളിവില്ലെന്ന് കണ്ടെത്തുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിക്കുകയായിരുന്നെന്നാണ് അറിയുന്നത്. യു.ഡി.എഫ് വിട്ട കെ.എം മാണിയുടെ കേരളാ കോണ്‍ഗ്രസ് ഇടത് മുന്നണിയില്‍ എത്തും വരെ കേസുമായി മുന്നോട്ട് പോകാനാണ് സി.പി.എമ്മിന്റെ രാഷ്ട്രീയ തീരുമാനമെന്നറിയുന്നു.
https://www.facebook.com/Malayalivartha
























