കായലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വീപ്പയ്ക്കുള്ളിലെ മൃതദേഹം ശകുന്തളയുടേത് തന്നെ; കൊലപാതകത്തിലേയ്ക്ക് നയിച്ചത് പണത്തിന് വേണ്ടിയെന്ന് സൂചന; വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ഏരൂര്‍ സ്വദേശി മരണപ്പെട്ട സംഭവവുമായി ശകുന്തളയുടെ കൊലപാതകത്തിന് ബന്ധമോ ?

പ്ലാസ്റ്റിക് വീപ്പയിൽ കോൺക്രീറ്റ് ഇട്ട് നിറച്ച നിലയിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം ഉദയംപേരൂർ മാങ്കായി കവല തേരേയ്ക്കൽ കടവിൽ തേരേയ്ക്കൽ വീട്ടിൽ ദാമോദരന്റെ ഭാര്യ ശകുന്തള (50 ) യുടേത് തന്നെയാണ് ഉറപ്പാകുന്നു. മകളുടെ ഡി.എൻ.എ ഫലം ലഭിച്ച ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ.
ഉദയംപേരൂർ വലിയകുളത്തിന് സമീപം പരേതയായ സരസയുടെ വളർത്തുമകളായിരുന്നു ശകുന്തള. ദാമോദരനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ദാമ്പത്യം അധികം നീണ്ടില്ല. തുടർന്ന് മകനും മകളുമൊത്ത് വാടകവീടുകളിൽ മാറി മാറി താമസിച്ചു. ഇതിനിടെ മകൻ പ്രമോദ് ബൈക്ക് അപകടത്തിൽപ്പെട്ട് കിടപ്പിലായ ശേഷം ആത്മഹത്യ ചെയ്തു. മകളുമായി പിണങ്ങി പിന്നെ ഒറ്റയ്ക്കായി താമസം.
മകന്റെയും, ശകുന്തളയുടെയും അപകടങ്ങളെ തുടർന്ന അഞ്ച് ലക്ഷത്തിലേറെ ഇൻഷ്വറൻസ് തുക ശകുന്തളക്ക് ലഭിച്ചതായാണ് സൂചന. 2013ൽ ചോറ്റാനിക്കരയിലെ മൂന്ന് സെന്റ് സ്ഥലം വിറ്റ പണവും ഇവരുടെ പക്കലുണ്ടായിരുന്നത്രെ. പണത്തെ ചൊല്ലിയുണ്ടായ കൊലപാതകമാകാം എന്നും കരുതുന്നുണ്ട്.
വീപ്പ കണ്ടെത്തിയതിന് പിറ്റേന്ന് ഉണ്ടായ എരൂർ സ്വദേശിയുടെ മരണവുമായി സംഭവത്തിന് ബന്ധമുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ഒന്നര വർഷങ്ങൾക്ക് മുൻപ് ശകുന്തള ഇയാളുടെ കാറിൽ കയറി പോയിട്ടുണ്ടെന്ന് മകൾ പൊലീസിന് മൊഴി നൽകിയതായി അറിയുന്നു.
ജനുവരി ഏഴിന് തലകീഴായി കൈകാലുകൾ മടക്കി വീപ്പയിൽ കയറ്റിയ ശേഷം കോൺക്രീറ്റിട്ട് ഉറപ്പിച്ച നിലയിലാണ് കുമ്പളം കായലിനോടും ചേർന്ന ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷത്തിലേറെ പഴക്കമുള്ള മൃതദേഹത്തിന്റെ തലയോട്ടിയും അസ്ഥികളും മാത്രമേ അവശേഷിച്ചിരുന്നുള്ളങ്ങൂ. വെള്ളി അരഞ്ഞാണം, മുടിയുടെ നീളം, വസ്ത്രാവശിഷ്ടം എന്നിവയിൽ നിന്നാണ് സ്ത്രീയുടേതെന്ന് ഉറപ്പിച്ചത്.
കണങ്കാലിലെ അസ്ഥിയിൽ ശസ്ത്രക്രിയ ചെയ്ത് ഘടിപ്പിച്ച പിരിയാണിയുടെ ബാച്ച് നമ്പർ കേന്ദ്രികരിച്ചുള്ള അന്വേഷണമാണ് ശകുന്തളയിലേക്ക് എത്തിച്ചേർന്നത്. രണ്ട് വർഷം മുമ്പ് സ്കൂട്ടർ അപകടത്തിൽ കാലിന് പരിക്കേറ്റ തൃപ്പൂണിത്തുറ വിജയകുമാരമേനോൻ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സമാനമായ സ്ക്രൂ ഇവരിൽ ഘടിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha