കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഭൂമി വിലകുറച്ച് വില്‍ക്കാന്‍ പറ്റുമോ? രാജ്യത്തെ നിയമം കര്‍ദിനാളിന് ബാധകമല്ലേ? ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദമായ ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഭൂമി വില കുറച്ച് വില്‍ക്കാന്‍ കര്‍ദിനാളിന് പറ്റുമോ കോടതി ചോദിച്ചു. രാജ്യത്തെ നിയമം കര്‍ദിനാളിന് ബാധകമല്ലേ എന്നും കോടതി ചോദിച്ചു. തനിക്കെതിരെ നടപടിയെടുക്കാന്‍ പോപ്പിന് മാത്രമാണ് അധികാരമെന്നും കാനോന്‍ നിയമപ്രകാരം അങ്ങനയേ പറ്റൂ - കര്‍ദിനാളിന്റെ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് ഹൈക്കോടതി രൂക്ഷവിമര്‍ശനം നടത്തിയത്. പോപ്പ് തനിക്കെതിരെ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍ ബിഷപ്പെന്നാല്‍ രൂപതയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്കമാലി- എറണാകുളം അതിരൂപതയിലെ ഭൂമി ഇടപാടില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശിയായ വിശ്വാസി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി കര്‍ദിനാളിനെതിരെ തിരിഞ്ഞത്.
ബിഷപ്പ് ഭൂമിയുടെ ഉടമയല്ല, സൂക്ഷിപ്പുകാരന്‍ മാത്രമാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഭൂമിയുടെ ഉടമസ്ഥത ട്രസ്റ്റിനല്ല, സ്വകാര്യവ്യക്തിക്കാണെന്ന് കര്‍ദിനാള്‍ പറഞ്ഞതിനെതിരെ വ്്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിശ്വാസികള്‍ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. സീറോ മലബാര്‍ സഭാതലവനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ മുമ്പ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. സീറോ മലബാര്‍ സഭയിലെ വിവാദഭൂമി ഇടപാടുകളില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കാത്തലിക് അസോസിയേഷന്‍ ഫോര്‍ ജസ്റ്റിസ് പ്രസിഡന്റ് അഡ്വ പോളച്ചന്‍ പുതുപ്പാറയാണ് സിജെഎം കോടതിയില്‍ അന്ന് ഹര്‍ജി നല്‍കിയത്.
ഹര്‍ജിക്കാരന്‍ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്തിയ എറണാകുളം അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അടക്കമുള്ള സാക്ഷികള്‍ക്ക് സമന്‍സ് അയച്ചെങ്കിലും സാക്ഷികളാരും ഹാജരായില്ല. തുടര്‍ന്ന് ഇന്ന് കേസ് പരിഗണിച്ച കോടതി വേണ്ടത്ര തെളിവുകളില്ലെന്ന് പറഞ്ഞ് കേസ് തള്ളിയത്. സഹായമെത്രാനെ കൂടാതെ, രൂപതയിലെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, രൂപതാ പ്രൊക്യൂറേറ്ററായ ഫാദര്‍ ജോഷി പുതുവ, വിമത വിഭാഗം വൈദികരായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി, ഫാദര്‍ ജോസ് എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരുന്നത്. വൈദികരിലാരെങ്കിലും കര്‍ദിനാളിനെതിരെ മൊഴി നല്‍കിയിരുന്നെങ്കില്‍ മാര്‍ ആലഞ്ചേരി കോടതി നടപടികള്‍ നേരിടേണ്ടിവരുമായിരുന്നു.
സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുന്നതിനായി എറണാകുളം അങ്കമാലി അതിരൂപതയുടെ അഞ്ചിടങ്ങളിലായി ഉണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി വില്‍പ്പന നടത്തുകയും. മുഴുവന്‍ പണവും കിട്ടാതെ അതിരൂപത കബളിപ്പിക്കപ്പെടുകയും ചെയ്ത സംഭവമാണ് വിവാദത്തിന് കാരണം. അതിരൂപതയിലെ പ്രക്യുറേറ്റര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരുടെ നേതൃത്വത്തിലാണ് ഭൂമി വില്‍പ്പന നടന്നതെന്നും രൂപതയിലെ രണ്ട് സഹായ മെത്രാന്‍മാര്‍ കച്ചവടത്തെക്കുറിച്ച് അറിഞ്ഞില്ലെന്നുമാണ് രൂപതയിലെ വൈദിക സമിതിയുടെ നിലപാട്. വൈദികര്‍ക്കൊപ്പം ഒരു വിഭാഗം വിശ്വാസികളും ചേര്‍ന്നതോടെയാണ് അതിരൂപതാധ്യക്ഷനും സീറോ മലബാര്‍ സഭാതലവനുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതിക്കൂട്ടിലായത്. ഭൂമി കച്ചവടത്തില്‍ സര്‍ക്കാരിനെ കബളിപ്പിച്ച് സ്റ്റാംപ് ഡ്യൂട്ടി വെട്ടിപ്പടക്കം നടന്നിട്ടുണ്ടെന്നാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ നല്‍കിയ ഹര്‍ജി. ഐജിക്ക് ഇത് സംബന്ധിച്ച് നേരത്തെ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha























