സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നും: ഗവര്‍ണര്‍

സ്ത്രീ പുരുഷ സമത്വം തുടങ്ങേണ്ടത് കുടുംബത്തില്‍ നിന്നാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് (റിട്ട.) പി. സദാശിവം. വീട്ടിലെ സമത്വം കുട്ടികള്‍ വളരുമ്പോഴും അവരുടെയുള്ളില്‍ നിലനില്‍ക്കും. മാത്രമല്ല സ്‌കൂളുകളിലും ലിംഗ സമത്വത്തെപ്പറ്റി അധ്യാപകര്‍ പറഞ്ഞുകൊടുക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. അന്താരാഷ്ട്ര വനിതാദിനാഘോഷ വാരാചരണത്തിന്റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് നടത്തിവരുന്ന 'സധൈര്യം മുന്നോട്ട്' പരിപാടിയുടെ സമാപന സമ്മേളനം ഗാന്ധി പാര്‍ക്കില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍.
അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തിലുള്ളതാണ് നമ്മുടെ സസ്‌കാരം. ഭരണഘടനയില്‍ പോലും ലിംഗ സമത്വവും അവസര സമത്വവുമെല്ലാം വ്യക്തമായി പറയുന്നുണ്ട്. ഒരിക്കലും സ്ത്രീകളോട് വിവേചനം കാണിക്കരുത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ നിയമമാണ് ഇന്ത്യയിലുള്ളത്. താന്‍ ചീഫ് ജസ്റ്റിസായിരുന്ന കാലഘട്ടത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി സുപ്രധാന വിധികള്‍ പ്രസ്താവിച്ചിരുന്നു. പീഡന കേസിലെ ഇരകളെ വനിതാ പോലീസിന്റെ സാന്നിധ്യത്തില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ പാടുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. മാത്രമല്ല ലൈംഗികാതിക്രമത്തില്‍പ്പെട്ട ഒരു ഇരയ്ക്കും ചികിത്സ നിഷേധിക്കാനും പാടില്ല എന്നും വിധിച്ചിരുന്നു.
നിയമ വശത്തെപ്പറ്റി പല സ്ത്രീകള്‍ക്കും അറിവില്ല എന്നത് ദു:ഖ സത്യമാണ്. അതിനായുള്ള പരിപാടി ആസൂത്രണം ചെയ്യേണ്ടതുണ്ട്. നിയമ സഹായം, നിയമ അവബോധം, നിയമ സാക്ഷരത, ലോക് അദാലത്ത് എന്നിവയിലൂടെ സ്ത്രീ ശാക്തീകരണത്തിനായി പരിശ്രമിക്കണമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
സ്ത്രീകളുടെ സമത്വത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ലോകത്തിന്റെ പല മേഖലകളിലും സ്ത്രീകള്‍ക്കെതിരെ അടിച്ചമര്‍ത്തലുണ്ട്. പരിപൂര്‍ണമായ അവസര സമത്വമാണ് ഉണ്ടാകേണ്ടത്. ജനിക്കാന്‍ പോകുന്ന കുഞ്ഞ് മുതല്‍ ആരോഗ്യ പൂര്‍ണമായി ജീവിക്കാന്‍, വിദ്യാഭ്യാസം, കൂലി, വിനോദം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും അവസര സമത്വം വേണം. ഗാര്‍ഹിക പീഡനങ്ങളും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്ന അവസ്ഥയും മാറണം. ഒരു പെണ്‍കുട്ടി പോലും വീട്ടിലോ പുറത്തോ വേദനിക്കാത്ത അവസ്ഥ വന്നാലേ വിവേചനം അവസാനിക്കുകയുള്ളൂ. സധൈര്യം മുന്നോട്ടെന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തുവരുന്നതെന്നും മന്ത്രി പറഞ്ഞു.
വി.എസ്. ശിവകുമാര്‍ എം.എല്‍.എ. മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍, സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസ്., നിര്‍ഭയ സെല്‍ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആര്‍. നിശാന്തിനി, ജെന്‍ഡര്‍ അഡൈ്വസര്‍ ഡോ. റ്റി.കെ. ആനന്ദി, വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സധൈര്യം മുന്നോട്ട് എന്ന മുദ്രാവാക്യം ഉയര്‍ത്തി മാര്‍ച്ച് 8ന് കാസര്‍ഗോഡ് നിന്നും ആരംഭിച്ച സൈക്കിള്‍ റാലിയുടെ സമാപനവും ഇതോടൊപ്പം നടന്നു. 25 അംഗ സംഘത്തില്‍ 13 പേരും പെണ്‍കുട്ടികളായിരുന്നു.
വനിതാ ശിശു വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, എന്‍.എച്ച്.എം., കുടുംബശ്രീ, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, വിവിധ വനിതാ സംഘടനകള്‍ എന്നിവര്‍ സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.
https://www.facebook.com/Malayalivartha