സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പൂട്ടിപ്പോയ ദേശീയസംസ്ഥാന പാതയോരത്തെ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി

പതിനായിരത്തില്‍ കൂടുതല്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരമേഖലയായി കണക്കാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ കേരളത്തില്‍ കൂടുതല്‍ ബാറുകള്‍ തുറക്കും. വിനോദസഞ്ചാരമേഖല സ്ഥിതി ചെയ്യുന്ന പഞ്ചായത്തുകളില്‍ പതിനായിരമെന്ന മാനദണ്ഡത്തിനും ഇളവുണ്ട്. സുപ്രീം കോടതി വിധിയെത്തുടര്‍ന്നു പൂട്ടിപ്പോയ ദേശീയസംസ്ഥാന പാതയോരത്തെ ത്രീ സ്റ്റാര്‍ ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ എക്‌സൈസ് അഡി. ചീഫ് സെക്രട്ടറി ടോം ജോസ് ഉത്തരവിറക്കി.
കള്ളുഷാപ്പുകള്‍ക്കും പുതിയ ഭേദഗതിയുടെ പ്രയോജനം ലഭിക്കും. പുതിയ ഭേദഗതിയോടെ 10 ബാറുകളും 150 ബിയര്‍വൈന്‍ പാര്‍ലറുകളും 400 കള്ളുഷാപ്പുകളും കൂടി തുറന്നുപ്രവര്‍ത്തിക്കും. ആദ്യത്തെ വിധിയില്‍ സുപ്രീം കോടതി രണ്ടുതുടര്‍വിധികളിലൂടെ നല്‍കിയ ഇളവിന്റെ പഴുതില്‍പ്പിടിച്ചാണ് സര്‍ക്കാര്‍ നീക്കം. മദ്യവര്‍ജനമെന്ന നിലപാടിലൂന്നി അധികാരത്തിലെത്തിയ എല്‍.ഡി.എഫ്. സര്‍ക്കാരാണ് പൂട്ടുവീണ സകലബാറുകളും വീണ്ടും തുറക്കാന്‍ വഴികളോരോന്നായി തുറക്കുന്നത്.
നിലവിലുള്ള സെന്‍സസ്പഞ്ചായത്ത് രേഖകള്‍ പ്രകാരം പതിനായിരത്തിനു മുകളില്‍ ജനസംഖ്യയുള്ള പഞ്ചായത്തുകളെ നഗരസ്വഭാവമുള്ളതായി കണക്കാക്കുമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് വ്യക്തമാക്കുന്നത്. വിനോദസഞ്ചാരമേഖലകളായി നികുതിവകുപ്പോ വിനോദസഞ്ചാരവകുപ്പോ പ്രഖ്യാപിച്ച പഞ്ചായത്തുകളും നഗരസ്വഭാവമുള്ളതായി കണക്കാക്കും. പുതിയതായി ഒരുബാറും തുറക്കുന്നില്ലെന്നും സുപ്രീം കോടതി നിര്‍ദേശം നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണു ഔദ്യോഗിക വിശദീകരണം.
ഏപ്രില്‍ രണ്ടിനു പുതിയ മദ്യനയം നിലവില്‍ വരുന്നതോടെ അടഞ്ഞുകിടക്കുന്ന എല്ലാ മദ്യശാലകളും തുറന്നുപ്രവര്‍ത്തിച്ചേക്കും. ദേശീയപാതകളുടെയും സംസ്ഥാനപാതകളുടെയും 500 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ പാടില്ലെന്നായിരുന്നു 2015 ഡിസംബര്‍ 15ലെ സുപ്രീംകോടതി ഉത്തരവ്.
എന്നാല്‍ മുനിസിപ്പല്‍ പ്രദേശത്തുള്ള ഇത്തരം പാതകളെ നിയന്ത്രണത്തില്‍നിന്ന് സുപ്രീം കോടതി ഒഴിവാക്കി. തുടര്‍ന്ന് പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കണമെന്നഭ്യര്‍ഥിച്ചു കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫെബ്രുവരി 24ന് നഗരസ്വഭാവമുള്ള പഞ്ചായത്തുകളിലെ പാതയോര മദ്യശാലകളുടെ കാര്യത്തില്‍ തീരുമാനമെടക്കാന്‍ സംസ്ഥാന സര്‍ക്കാരുകളെ സുപ്രീം കോടതി അനുവദിച്ചത്.
പട്ടണത്തിന്റെ സ്വഭാവമുള്ള പഞ്ചായത്തുകളിലെ മദ്യവില്‍പന ശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ബാറുടമകള്‍ അപേക്ഷ നല്‍കിയാല്‍ പരിശോധിച്ച് സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. പട്ടണങ്ങളായി ഏതിനെയൊക്കെ പരിഗണിക്കാമെന്നു സംസ്ഥാനത്തിനു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha
























