കാനഡയില്‍ ഉയര്‍ന്ന വേതനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയത് കോടികൾ

കാനഡയില്‍ ഉയര്‍ന്ന വേതനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും കോടികൾ തട്ടിയ ആൾ പിടിയിൽ. കട്ടപ്പന നത്തുകല്ല് കൈപ്പകശേരിയില്‍ ദേവസ്യ യോഹന്നാനാ(സാജന്‍-52) ണ് പിടിയിലായത്. കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ഇടുക്കി, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍, കൊല്ലം, എറണാകുളം സ്വദേശികളിൽനിന്നുമാണ് ഇയാൾ കോടികൾ തട്ടിയത്. ഇന്റര്‍നെറ്റ് വഴി കിട്ടുന്ന പരസ്യത്തിലൂടെ കാനഡയില്‍ ഒഴിവുകളുള്ള കമ്പനിയിലേക്കാണ് ഇയാളുടെ നേതൃത്വത്തില്‍ ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. അതാതു കമ്പനിയില്‍നിന്നു ജോലിയുമായി ബന്ധപ്പെട്ടു ലഭിക്കുന്ന രേഖകള്‍ ഇവര്‍ക്കു കൈമാറി വിശ്വാസം പിടിച്ചുപറ്റുകയും ശേഷം ഇവരില്‍നിന്നു ലക്ഷങ്ങള്‍ വാങ്ങി നെടുമ്പാശേരിയില്‍ നിന്നു കയറ്റി അയയ്ക്കുകയായിരുന്നു. തസ്തികയനുസരിച്ചു മൂന്നു മുതല്‍ ഏഴു ലക്ഷം വരെ പലരില്‍നിന്നും ഈടാക്കിയിട്ടുണ്ട്. പിന്നീട് ഇവരെ ചൈന വഴി കാനഡയില്‍ എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചൈന പ്രവിശ്യയിലെ മക്കാവേ വരെ എത്തിച്ചെങ്കിലും കാനഡയിലേക്കു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെ ഉദ്യോഗാര്‍ഥികളെ ഇന്ത്യയിലേക്കു തിരിച്ചയയ്ക്കുകയായിരുന്നു.
വാഗ്ദാനം ചെയ്ത ജോലിയോ നല്‍കിയ തുകയോ ലഭിക്കാതെ വന്നതോടെ ഇവര്‍ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് കാനഡയില്‍ ജോലി നല്‍കാമെന്ന വ്യാജേന ഉദ്യോഗാര്‍ഥികളില്‍ നിന്നും ഇയാള്‍ പണം വാങ്ങിയത്. 32 പേരില്‍ നിന്നായി 80 ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കട്ടപ്പന, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിലായി പ്രതിക്കെതിരേ അഞ്ച് കേസുകള്‍ നിലവിലുണ്ട്. അഞ്ചു പേരില്‍ നിന്നായി 20 ലക്ഷം രൂപയാണ് കബളിപ്പിച്ചത്.
പ്രതിയെ പിടികൂടിയത് ജില്ലാ പോലീസ് മേധാവി കെ.ബി. വേണുഗോപാലിന്റെ സ്പെഷല്‍ സ്ക്വാഡാണ്. ആറുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ കര്‍ണാടകയിലെ ഉഡുപ്പിയില്‍ നിന്നുമാണ് ഇയാളെ പിടികൂടിയത്. നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ അന്വേഷണത്തിന് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. മൂന്നാറില്‍നിന്നു നിരവധി പേരെ ഇത്തരത്തില്‍ കാനഡയിലേക്കു കയറ്റിയയച്ചിട്ടുണ്ടെന്നാണ് പ്രതി പറയുന്നത്. രാജ്യത്തിനകത്തും പുറത്തുമായി പ്രതി ഉള്‍പ്പെട്ട സംഘം കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തിയതായാണ് കണക്കുകള്‍. മക്കാവു, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍നിന്നും രാജ്യാന്തര ബന്ധമുള്ള മാഫിയാ സംഘത്തിലെ കണ്ണിയാണ് ദേവസ്യയെന്നും പോലീസ് പറയുന്നു. വിസ തട്ടിപ്പിനു രാജ്യാന്തര ബന്ധമുള്ളതായാണ് പ്രാഥമിക വിവരം.
https://www.facebook.com/Malayalivartha
























