കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധങ്ങള്‍ക്കു പ്രതികാരമായി ജയരാജന് ക്വട്ടേഷന്‍ ; വൈ പ്ലസ് കാറ്റഗറി സുരക്ഷ ശക്തമാക്കി

ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ ഏൽപിച്ചിരുന്നതായി പോലീസ് റിപ്പോർട്ട്. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസ് പ്രതി പ്രണൂപിനാണ് ജയരാജനെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയിട്ടുള്ളതെന്ന് പോലീസ്. ആര്‍.എസ്.എസ്.-ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെ കതിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് വധങ്ങള്‍ക്കു പ്രതികാരമായാണ് ഈ ക്വട്ടേഷനെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. പി. ജയരാജന്‍ ജില്ലയില്‍ പങ്കെടുക്കുന്ന എല്ലാ പരിപാടികള്‍ക്കും സുരക്ഷ വര്‍ധിപ്പിക്കണമെന്നും സൂചിപ്പിച്ച് ജില്ലാ പോലീസ് മേധാവി കഴിഞ്ഞ ദിവസം എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അടിയന്തര സന്ദേശമയച്ചു .
യാത്രക്കിടയില്‍ വകവരുത്താനാണു നീക്കമെന്നും ജയരാജന്റെ യാത്രാപരിപാടികള്‍ നേരത്തെ മനസിലാക്കി സംരക്ഷണമൊരുക്കണമെന്നും ഏറെ ജാഗ്രത പുലര്‍ത്തണമെന്നാണു എസ്.പിയുടെ നിര്‍ദേശം. ആര്‍.എസ്.എസ്. നിയന്ത്രണത്തിലുള്ള പിണറായി പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയുടെ നേതൃത്വത്തില്‍ ചക്കരക്കല്‍, കടമ്പൂര്‍ പൂങ്കാവ്, പാലയാട് സാമിക്കുന്നുബ്രം, മേലൂര്‍, പൊന്ന്യം നായനാര്‍ റോഡ് പ്രദേശങ്ങളിലുള്ളവരാണു ക്വട്ടേഷന്‍ സംഘത്തിലുള്ളതെന്നും റിപ്പോര്‍ട്ട് പറയുന്നു.
ജയരാജന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്‍പ്പെടുത്തി. നിലവിലുള്ള അംഗരക്ഷകര്‍ക്ക് പുറമെ ഒരു സബ്ബ് ഇന്‍സ്‌പെക്ടരുടെ നേതൃത്വത്തില്‍ ഒരു സംഘം സായുധ പോലീസ് ജയരാജനെ യാത്രാവേളയിലെല്ലാം അനുഗമിക്കും.
അതേ സമയം പോലീസ് റിപ്പോര്‍ട്ടിനെക്കുറിച്ചു പി. ജയരാജനോ സി.പി.എം നേതൃത്വമോ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ജയരാജന്റെ വിഷയത്തില്‍ പ്രത്യേകമായി റിപ്പോര്‍ട്ടുകളൊന്നും നല്‍കിയിട്ടില്ലെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ഷുഹൈബ് വധവും കീഴാറ്റൂര്‍ വയല്‍ സമരവും മറ്റുമായി ബന്ധപ്പെട്ടുള്ള നിലവിലെ സ്ഥിതി വിശേഷത്തിന്റെ സാഹചര്യത്തില്‍ പി. ജയരാജന് സുരക്ഷ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശയാണ് സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയത്.
എന്നാൽ പി. ജയരാജനു വധഭീഷണിയുണ്ടെന്ന കണ്ടെത്തല്‍ പോലീസും സി.പി.എമ്മും ചേര്‍ന്നുണ്ടാക്കിയ തിരക്കഥയാണെന്നാണ് ബി.ജെ.പി.യുടെ ആരോപണം. വധഭീഷണിയും സുരക്ഷയും കണക്കിലെടുത്ത് സി.പി.എം. ജില്ലാ സെക്രട്ടറി പി. ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റിലുള്‍പ്പെടുത്തി ജില്ലയില്‍നിന്നു മാറ്റിയേക്കുമെന്ന അഭ്യൂഹം പാര്‍ട്ടിയില്‍ ശക്തമായി തുടരുന്നു.
https://www.facebook.com/Malayalivartha