ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായം; കൂത്ത്പറമ്പ് സ്വദേശിയായ യുവതി ഒരു പകല്‍ മുഴുവന്‍ ആകാശുമായി കൂടിക്കാഴ്ച നടത്തി

മട്ടന്നൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ ആഭ്യന്തരവകുപ്പ് വഴിവിട്ട് സഹായങ്ങള്‍ നല്‍കുന്നെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ ആരോപിച്ചു. ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. കൊലക്കേസില്‍ അറസ്റ്റിലായതോടെ ആകാശ് ഉള്‍പ്പെടെയുള്ള പ്രതികളെ സി.പി.എം പുറത്താക്കിയിരുന്നു. ഇത് വെറും പ്രഹസനം മാത്രമായിരുന്നെന്ന് സുധാകരന്‍ ആരോപിക്കുന്നു.
കൂത്ത്പറമ്പ് സ്വദേശിയായ യുവതി ഒരു പകല്‍ മുഴുവന്‍ ജയിലില്‍ ആകാശുമായി കൂടിക്കാഴ്ച നടത്തി. മൂന്ന് ദിവസങ്ങളില്‍ ഈ യുവതി ആകാശിനെ സന്ദര്‍ശിച്ചിട്ടുണ്ട്. ജയില്‍വകുപ്പ് അധികൃതരുടെ ഒത്താശയോടെയാണ് ഇതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി. സംഭവത്തെ കുറിച്ച് കണ്ണൂര്‍ സ്‌പെഷ്യല്‍ ജയില്‍ അധികൃതര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ആകാശ് തില്ലങ്കേരിക്ക് അടക്കം ജയില്‍ ഉദ്യോഗസ്ഥര്‍ വഴിവിട്ട സഹായം നല്‍കുന്നുണ്ടെന്നും ആകാശ് അടക്കമുള്ളവരുടെ സെല്ലുകള്‍ പൂട്ടാറില്ലെന്നും കെ.സുധാകരന്‍ ആരോപിച്ചു.
മുമ്പ് ഇതേ ജയിലില്‍ വെച്ച് ഷുഹൈബിനെ കൊല്ലാന്‍ സി.പി.എം തീരുമാനിച്ചിരുന്നതായി കെ.സുധാകരന്‍ ആരോപിച്ചിരുന്നു. അന്ന് ജയില്‍ ഡി.ജി.പി ഇടപെട്ടാണ് ഷുഹൈബിനെയും കൂട്ടുകാരെയും സ്‌പെഷ്യല്‍ ജയിലില്‍ നിന്ന് മാറ്റിയതെന്നും പറഞ്ഞിരുന്നു. സി.പി.എമ്മില്‍ നിന്ന് പുറത്താക്കിയ ആകാശ് തില്ലങ്കേരിക്ക് അടക്കം യാതൊരു സഹായവും ചെയ്യില്ലെന്ന് കണ്ണൂര്‍ ജില്ലാ നേതൃത്വം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതിന് മുമ്പ് അച്ഛന്‍ രവിയെ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ച് വരുത്തിയിരുന്നു. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ള നേതാക്കള്‍ അപ്പോഴവിടെ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha

























