പ്ലസ് ടു ഫിസിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ പരിക്ഷാ തലേന്നാണ് ചോർന്നതെന്ന കാര്യം സ്ഥിതീകരിക്കപ്പെട്ടതോടെ അധ്യാപക വൃത്തിയെ പണത്തിന് വിൽക്കുന്ന അധ്യാപകർ സംശയനിഴലിലാവുന്നു...

രണ്ട് സംശയങ്ങളാണ് പോലീസിനുള്ളത്. ഒന്ന്. ചോദ്യം തയ്യാറാക്കിയത് അധ്യാപകൻ തന്നെയാണ് ചോർത്തിയത്. മറ്റൊന്ന് ചോദ്യം പ്രിൻറ് ചെയ്ത സർക്കാർ പൊതുമേഖലാ സ്ഥാപനമാണ്. എന്നാൽ പ്രസിൽ നടത്തിയ പരിശോധനയിൽ അപ്രകാരമൊരു ചോർച്ച കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല.
പരീക്ഷയുടെ തലേന്നാണ് ചോദ്യപേപ്പർ വാട്ട്സ്ആപ്പ് വഴി ചോർന്നത്. ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്ക് പോലീസ് അയച്ചിരിക്കുകയാണ്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഫലം വരും. വാട്ട്സ്ആപ്പിൽ ഉണ്ടായിരുന്ന തിയതി യഥാർത്ഥത്തിലുള്ളതാണോ എന്നും പോലീസ് അന്വേഷിക്കുന്നു. രണ്ട് ലക്ഷത്തോളം വിദ്യാർത്ഥികൾ പ്ലസ് ടു പരീക്ഷ എഴുതിയിട്ടുണ്ട്. ചോർച്ച പുറത്തു വന്നതോടെ വിദ്യാർത്ഥികൾ ആശങ്കയിലായി.
കഴിഞ്ഞ വർഷം പത്താം ക്ലാസിലെ കണക്ക് പരീക്ഷയും ഇതുപോലെ പ്രതിസന്ധിയിലായി. മലപ്പുറത്തെ ഒരു ട്യൂഷൻ സെന്റർ കേന്ദ്രീകരിച്ചാണ് അന്ന് ചോർച്ച നടന്നത്. മലപ്പുറത്തെ ട്യൂഷൻ കേന്ദ്രത്തിലെ കുട്ടികളെ പഠിപ്പിച്ച അതേ ചോദ്യങ്ങൾ തന്നെ പരീക്ഷക്ക് ചോദിച്ചു. അതിൻമേൽ അന്വേഷണം നടന്നു എന്നാണ് വയ്പ്. പരീക്ഷ ഒരിക്കൽ കൂടി നടത്തി തലയൂരുകയാണ് സർക്കാർ ചെയ്തത്. അന്വേഷണം പേരിനു പോലും നടത്തിയില്ല സത്യസന്ധമായി അന്വേഷണം നടത്തിയാൽ അധ്യാപകർ കുരുങ്ങും എന്ന് സർക്കാരിന് അറിയാമായിരുന്നു.
പ്ലസ് ടു പരീക്ഷകൾ അവസാനിച്ചു. ഇനി പരീക്ഷ നടത്തണമെങ്കിൽ ഒരാഴ്ചയെങ്കിലും വേണം. പരീക്ഷാ കേന്ദ്രങ്ങളിൽ പുതിയ ചോദ്യ കടലാസ് എത്തിക്കണമെങ്കിൽ ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണം. അതിനാൽ അത്തരമൊരു സംവിധാനത്തെ കുറിച്ച് സർക്കാർ ആലോചിക്കുന്നില്ല. എങ്ങനെയെങ്കിലും വിവാദത്തിൽ നിന്നും തലയൂരാനാണ് സർക്കാരിന്റെ ശ്രമം.
അധ്യാപക വൃത്തിയെ വിൽപന ചരക്കാക്കുന്ന അധ്യാപകരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന സംശയത്തിലാണ് പോലീസ്. അധികം പേർക്കും സ്കൂളിൽ പഠിപ്പിക്കുന്നതിനേക്കാൾ താത്പര്യം ട്യൂഷൻ പഠിപ്പിക്കാനാണ്. അധ്യാപകൻ തന്നെ ചോദ്യങ്ങൾ വിറ്റു എന്ന സംശയവും പോലീസിനുണ്ട്. അങ്ങനെ സംഭവിക്കുകയാണെങ്കിൽ മാതൃകാപരമായി ശിക്ഷിക്കാൻ തന്നെയാണ് സർക്കാർ തീരുമാനം. എന്നാൽ ഇക്കാര്യം തെളിയിക്കുന്നത് എങ്ങനെയാണെന്ന സംശയവും പോലീസിനുണ്ട്.
https://www.facebook.com/Malayalivartha

























