കസ്റ്റഡിയിൽ പോലീസ് മർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ട ശ്രീജിത്തിനെ മർദ്ദിച്ച വരാപ്പുഴ എസ് എ ദീപക് ജനങ്ങളെ ഉപദ്രവിക്കുന്നതിൽ അഗ്രഗണ്യൻ... ദീപക്കിനെതിരെ ഒരാഴ്ച മുമ്പ് മറ്റൊരു സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു...

തൃശൂരിൽ നിന്നും എറണാകുളത്തേക്ക് കാറിൽ യാത്ര ചെയ്യുകമായിരുന്ന ബിസിനസുകാരായ യുവാക്കളെയാണ് ഏതാനും ദിവസങ്ങൾക്ക് മുമ്പ് അർധരാത്രി ദീപക് തല്ലിച്ചതച്ചത്. ഏപ്രിൽ 13 ന് കാക്കനാട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. വരാപ്പുഴ സ്വദേശി കെ.സി.ജോസഫിന്റെ മക്കളെയാണ് എസ്ഐ കസ്റ്റഡിയിലെടുത്തത്.
ഹൈവേ പോലീസാണ് യുവാക്കളെ പിന്തുടർന്ന് പിടികൂടി വരാപ്പുഴ എസ് ഐക്ക് കൈമാറിയത്. വാഹനം ഓടിച്ചിരുന്ന യുവാക്കൾ മദ്യപിച്ചിരുന്നില്ല. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിലുണ്ടായ തർക്കമാണ് ഹൈവേ പോലീസിനെ പ്രകോപിപ്പിച്ചതെന്ന് പറയപ്പെടുന്നു.
സംസ്ഥാനത്തെ ഹൈവേ പോലീസുകാരിൽ ഒരു നല്ല ശതമാനം മികച്ച പിരിവുകാരാണ് . രാത്രിയിൽ ഔദ്യോഗിക വാഹനം ഒരുക്കി നിർത്തി പതുങ്ങിക്കിടക്കുന്ന ഇക്കൂട്ടർ വലിയ വാഹനങ്ങളും ലോറികളും പിടികൂടും. കൂടുതലും ഇതര സംസ്ഥാനങ്ങളിൽ നിന്നു വരുന്ന ലോറികളാണ് പിടികൂടുന്നത്. നല്ല വരുമാനം ലഭിക്കുന്ന ഏർപ്പാടാണ് ഇത്. ഇതര സംസ്ഥാനക്കാർ ആകുമ്പോൾ. കൈക്കൂലി നൽകിയ ശേഷം പോകും.മലയാളികളാകുമ്പോൾ വിശ്വസിച്ച് പണം വാങ്ങാൻ കഴിയില്ല. പാണ്ടി ലോറിക്കാരിൽ നിന്നു മാത്രം പണം പിരിക്കുന്ന പോലീസുകാരും നിരവധിയുണ്ട്.
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കിട്ടിയാൽ പോലീസുകാർ സംപ്രീതരാകും. അത് പത്ത് ചക്രം കൂടുതൽ കിട്ടുന്ന ജോലിയാണ്. മദ്യപിച്ചാലും കഞ്ചാവടിച്ചാലും നാല് പുത്തൻ നൽകാമെങ്കിൽ ഹൈവേ പോലീസ് വെറുതെ വിടും. ബിസിനസുകാരായ യുവാക്കള കസ്റ്റഡിയിലെടുത്തത് പണം പിടുങ്ങാനാണെന്ന് സംശയമുണ്ട്. അവരുടെ വാഹനം പിന്തുടർന്ന് പിടികൂടിയ ശേഷം വരാപ്പുഴ പോലീസിന് കൈമാറുകയായിരുന്നു.
പിടികൂടിയ യുവാക്കളെ വരാപ്പുഴ പോലീസ് പറവൂർ ഗവ.ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയനാക്കി. യുവാക്കളിൽ ഒരാളായ സെബാസ്റ്റ്യൻ ജോസഫിനെ വരാപ്പുഴ എസ് ഐ മർദ്ദിച്ചു. താൻ ചെയ്ത തെറ്റ് എന്താണെന്ന് ചോദിച്ചതിനായിരുന്നു മർദ്ദനം . പിന്നീട് യുവാക്കളുടെ സുഹൃത്തുക്കളെത്തിയാണ് ജാമ്യത്തിലിറക്കിയത്. യുവാക്കളുടെ വീട് വരാപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്നും 200 മീറ്റർ മാത്രം ദൂരെയാണ്. എന്നിട്ടും മാതാപിതാക്കളെ അറിയിക്കാൻ എസ് ഐ തയാറായില്ല. യുവാക്കളുടെ മൊബൈൽ ഫോൺ പോലീസ് അപഹരിച്ചതായി പരാതിയിൽ പറയുന്നു.
മാന്യമായി ജീവിക്കുന്ന തന്റെ മക്കളെ ഒരു കാരണവുമില്ലാതെ പീഡിപ്പിച്ച എസ്ഐക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നാണ് ജോസഫിന്റെ ആവശ്യം. എസ് ഐ യുടെ നടപടി മനുഷ്യാവകാശ ലംഘനമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
ശ്രീജിത്തിന്റെ മരണത്തിലും എസ് ഐയെ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിനു മുമ്പും ഇയാൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. സർക്കാരിന്റെ അടുത്തയാളാണത്രേ എസ് ഐ. അതിനാൽ സസ്പെൻറ് ചെയ്താലും അദ്ദേഹത്തെ സർക്കാർ സംരക്ഷിക്കും.
https://www.facebook.com/Malayalivartha
























