ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്ത യുവതി കായലിലേക്ക് ചാടി; ദുരൂഹതകൾ ബാക്കിയാക്കി യുവതിയുടെ ജീവനറ്റ ശരീരം

ആലപ്പുഴയിൽ ഓടുന്ന ട്രെയിനിൽ നിന്നും താഴേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടുകിട്ടി. ആലപ്പുഴയിൽ തിരുവമ്പാടി മുല്ലാത്ത് വാര്‍ഡ് കടവത്തുശേരി വീട്ടില്‍ ചാള്‍സ് ബേബിയുടെ ഭാര്യ എ.ജെ.റോസ് മേരി നീനയുടെ മൃതദേഹമാണ് കണ്ടെടുത്തത്.
ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയാണ് ആലപ്പുഴ - എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ നിന്നും യുവതി കായലിലേക്ക് ചാടിയത്. ശേഷം ഇന്ന് രാവിലെ പത്തുമണിയോടെ കുമ്പളം വെസ്റ്റ് ഫിഷ് ലാന്‍ഡിങ് കേന്ദ്രത്തിന് സമീപം യുവതിയുടെ ജീവനറ്റ ശരീരം കണ്ടെത്തുകയായിരുന്നു.
ട്രെയിനിന്റെ ചവിട്ടുപടിയില്‍ ഇരുന്ന് യാത്ര ചെയ്യുകയായിരുന്ന യുവതി പാലത്തിന് മുകളില്‍ എത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. പിന്നീട് അടുത്ത സ്റ്റേഷനില്‍ എത്തിയപ്പോഴാണ് മറ്റുയാത്രക്കാര്‍ സംഭവം അധികൃതരെ അറിയിച്ചത്.
പനങ്ങാട് പോലീസ്, കോസ്റ്റല്‍ പോലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തിലായിരുന്നു തിരച്ചില്‍ നടന്നത്. റോസ് മേരിയെ സ്‌റ്റേഷനില്‍ കൊണ്ടു വിട്ട ഭര്‍ത്താവ് ചാള്‍സ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ താലി മാലയും മൊബൈല്‍ ഫോണും വീട്ടില്‍ കണ്ടതായും അദ്ദേഹം പറഞ്ഞു. പിന്നീട് പോലീസ് വിളിച്ചപ്പോഴാണ് കായലില്‍ ചാടിയ വിവരം ചാള്‍സ് അറിയുന്നത്.
https://www.facebook.com/Malayalivartha

























