ടെക്നോപാർക്കിലേയ്ക്ക് ജോലി വാഗ്ദാനം; ഓച്ചിറക്കാരി യുവതി പലരിൽ നിന്നായി തട്ടിയത് ലക്ഷങ്ങൾ

ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ കവർന്ന കേസിലെ മുഖ്യപ്രതിയെ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ടുകൾ. ഓച്ചിറ സ്വദേശി രേഖ ഹരിയെയാണ് ചാത്തന്നൂര്‍ ശീമാട്ടി സ്വദേശി അഭിയുടെ പരാതിയെത്തുടർന്ന് അറസ്റ്റ് ചെയ്‌തത്.
ടെക്നോപാർക്കിലെ യു.എസ്.ടി ഗ്ലോബല്‍ എന്ന കമ്പനിയിൽ അഭിക്ക് ഡ്രൈവര്‍ തസ്തികയില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് യുവതി 50,000 രൂപ കൈക്കലാക്കുകയായിരുന്നു. ഇതിനെത്തുടർന്നുള്ള പരാതിയിലാണ് യുവതി പോലീസ് പിടിയിലായത്.
കല്ലുവാതുക്കലുള്ള ഒരു പൂജാരിയുടെ സുഹൃത്തായ ചാത്തന്നൂര്‍ സ്വദേശി രാജേഷാണ് യുവതിയെ അഭിക്ക് പരിചയപ്പെടുത്തിയത്. യുവതി രാജേഷിന്റെ ബന്ധുവാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ 10 ന് രാജേഷിന്റെ ചാത്തന്നൂര്‍ കോയിപ്പാട്ടുള്ള വീട്ടില്‍ രേഖയെത്തി അഭിയുമായി സംസാരിക്കുകയും ചെയ്തു. യു.എസ്.ടി ഗ്ലോബലിന്റെ എച്ച്.ആര്‍ മാനേജരാണെന്ന് പറയുകയും കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കുകയും ചെയ്തു.
ഇത് വിശ്വസിച്ച് അടുത്ത ദിവസം 50,000 രൂപ കോയിപ്പാട്ടുള്ള വീട്ടില്‍ വച്ച് യുവതിക്ക് കൈമാറി. ഈ മാസം 19 ന് നിയമന ഉത്തരവ് ലഭിക്കുമെന്നും രേഖ പറഞ്ഞിരുന്നു. കഴിഞ്ഞ 13ന് കമ്പനിയുടെ പേരില്‍ ലെറ്റര്‍ വന്നെങ്കിലും ഇതില്‍ സീല്‍ അടിച്ചിരുന്നില്ല. സംശയം തോന്നിയ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് ലെറ്റര്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.
ഇതേത്തുർന്ന് യുവതിയെ ഫോണില്‍ വിളിച്ച് മറ്റൊരു സുഹൃത്തിനും ജോലി വേണമെന്ന് ആവശ്യപ്പെട്ടു. നേരത്തെ തുക കൈമാറിയ വീട്ടില്‍ വച്ച് പണം നല്‍കാമെന്നും പറഞ്ഞു. ശേഷം ഇന്നലെ രാത്രി അഭി ചാത്തന്നൂര്‍ പൊലീസില്‍ പരാതി നല്‍കി യുവതിയെ വലയിലാക്കുകയായിരുന്നു.
പൊലീസ് ചോദിച്ചപ്പോള്‍ യുഎസ്ടി ഗ്ലോബല്‍ എച്ച്‌ആര്‍ മാനേജരാണെന്ന് പറയുകയും ഐ.ഡി കാര്‍ഡ് കാണിക്കുകയും ചെയ്തു. എന്നാൽ കാര്‍ഡിലുള്ള നമ്പരില്‍ പൊലീസ് ബന്ധപ്പെട്ടപ്പോള്‍ തിരുവനന്തപുരത്തുള്ള ഒരു വീട്ടിലെയ്ക്കാണ് ലഭിച്ചത്.
യുവതിയെ അറസ്റ്റ് ചെയ്തത്തിനു പിന്നാലെ ഇന്നലെ ഓച്ചിറയിലുള്ള വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇതോടെ മുപ്പതോളം പേരുടെ സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും പൊലീസ് കണ്ടെടുത്തു. നിരവധി പേരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി പൊലീസ് പറഞ്ഞു. യു.എസ്.ടി ഗ്ലോബല്‍ കമ്പനി രേഖയ്ക്കെതിരെ തിരുവനന്തപുരം തുമ്പ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























